വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ III

16-ാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ജസ്യൂത്തര്‍ കേരളത്തിലെ ക്രിസ്ത്യാനികളെ ശപിച്ചുതള്ളാനും പിടിച്ചടക്കുന്നതിനും അവരുടെമേല്‍ ആരോപിച്ചതും നെസ്‌തോറിയനിസമായിരുന്നു

സഭയ്ക്ക് 15 നൂറ്റാണ്ടുകള്‍ വേണ്ടി വന്നു ഈ ടെര്‍മിനോളജിയില്‍ വന്ന കണ്‍ഫ്യൂഷന്‍ കണ്ടുപിടിക്കാന്‍!!! 16-ാം നൂറ്റാണ്ടില്‍ സഭാഘടനയുടെ അക്രൈസ്തവികതയെക്കുറിച്ച് സംസാരിച്ച ദൈവമനുഷ്യരെ ശപിച്ചുതള്ളി. യൂറോപ്പില്‍ സഭാധികാരം രക്തപ്പുഴ ഒഴുക്കി. ഇന്നിതാ ലൂഥറെക്കുറിച്ചും സഭാധികാരം ഒരു പുനര്‍ചിന്തയ്ക്ക് തയ്യാറാകുന്നു. അവിടെയും സഭയ്ക്ക് ടെര്‍മിനോളജിക്കല്‍ കണ്‍ഫ്യൂഷന്‍ വന്നു ചേര്‍ന്നു എന്നു സാരം.

ഒരിക്കല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ചില്‍ ഒരു കളവു പറഞ്ഞു. ഒരു പാര്‍ലമെന്റ് മെമ്പര്‍ അതു കളവാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ചര്‍ച്ചിലിന്റെ വിശുദ്ധമായ മറുപടി ഇതായിരുന്നു. It is not a lie It is a terminological inexactitude സഭാധികാരം സ്വന്തം അഭിപ്രായങ്ങളുടെ പൊള്ളത്വം മറച്ചു പിടിക്കുന്നതിനുവേണ്ടി പലപ്പോഴും ഉപയോഗിക്കുന്ന പദമാണ് ടെര്‍മിനോളജിക്കല്‍ കണ്‍ഫ്യൂഷന്‍.

സഭാധികാരം എങ്ങനെ ഈ ടെര്‍മിനോളജിക്കല്‍ കണ്‍ഫ്യൂഷന് അടിപ്പെടുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. പരിശുദ്ധാത്മാവാണല്ലോ സഭാധികാരത്തെ നയിക്കുന്നത്!!!

സഭാധികാരം സമൂഹത്തില്‍ പൊട്ടി വിരിയുന്ന പുതിയ ചിന്തകളോട് പ്രതികരിക്കുന്നത് പൂര്‍ണനിഷേധവാദത്തോടെയാണ്. പട്ടിയെ പേപ്പട്ടിയെന്നു പേരു വിളിച്ചാല്‍ കൊല്ലുന്നതില്‍ ആരും തെറ്റു പറയുകയില്ലല്ലോ.

മാര്‍ക്‌സിസത്തോടുള്ള സഭയുടെ സമീപനവും പൂര്‍ണനിഷേധസ്വഭാവമുള്ളതായിരുന്നു. മാര്‍ക്‌സിയന്‍ സമൂഹവിശകലനത്തില്‍ സത്യമുണ്ടോ എന്ന് ആരായാന്‍ സഭ തയ്യാറായില്ല. കാരണം മാര്‍ക്‌സ് 19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ മേധാവിത്വത്തിനെതിരെയാണ് തന്റെ വില്ല് കുലച്ചത്. ആ മുതലാളിത്തത്തിന്റെ രക്ഷാകവചം യൂറോപ്പിലെ സമ്പന്നമായ സഭയായിരുന്നു. യൂറോപ്യന്‍ മുതലാളിത്തത്തിന്റെ തേരില്‍ ശിഖണ്ഡിയെപോലെ സഭാധികാരം ചൂഷകവ്യവസ്ഥയുടെ സംരക്ഷകരായി ഇരുന്നു.

മാര്‍ക്‌സ് ചൂഷിതര്‍ക്കുവേണ്ടി സംസാരിച്ചു, വാദിച്ചു. അതുകൊണ്ട് ചൂഷിതര്‍ക്കുവേണ്ടി സഭാമക്കള്‍ പ്രവര്‍ത്തിച്ചാല്‍ അവര്‍ മാര്‍ക്‌സിസ്റ്റാകും എന്നാണ് ഫാ. അടപ്പൂരിന്റെ വാദം.

ഫാ. അടപ്പൂര്‍ എഴുതുന്നു: ”മാര്‍ക്‌സിന്റെ മതവിരുദ്ധവും ഭൗതികവാദപരവുമായ ഘടകങ്ങള്‍ മാറ്റി നിര്‍ത്തിയ ശേഷമാണ് തങ്ങള്‍ അപഗ്രഥനനിര്‍വ്വഹണങ്ങളെ സ്വാഗതം  ചെയ്യുന്നതെന്നത്രേ ഗുത്തിയാറസ് പ്രഭ്യതികളുടെ സത്യവാങ്മൂലം. ഉദ്ദേശത്തിന്റെ തലത്തില്‍ ഇതുശരിയായിരിക്കാം. ഫലമോ? ഇപ്പറഞ്ഞ അപഗ്രഥനനിര്‍വ്വഹണാദികളോടൊപ്പം മാര്‍ക്‌സിസത്തിന്റെ മതവിരുദ്ധദര്‍ശനവും കയ്പിനോടൊപ്പം  കാഞ്ഞിരക്കുരു എന്ന പോലെ കടന്നു വരുന്നു. ആ ദര്‍ശനമാകട്ടെ വത്തിക്കാന്‍ രേഖയുടെ വാക്കുകളില്‍ പറഞ്ഞാല്‍ ക്രൈസ്തവവിശ്വാസത്തോടും അതില്‍ നിന്നുളവാകുന്ന ധാര്‍മികബാധ്യതകളോടും പൊരുത്തപ്പെടാത്തതാണു താനും.

ചരിത്രത്തില്‍ ക്രിസ്തു പാവങ്ങളുടെ പക്ഷം ചേര്‍ന്നുനിന്നു  എന്ന വസ്തുതയോട് ഫാ. അടപ്പൂരിന്  എതിരില്ല.എന്നാല്‍ മാര്‍ക്‌സ് പാവങ്ങളോട് പക്ഷംചേര്‍ന്നു നില്‍ക്കുന്നതിനാല്‍ സഭ പാവങ്ങളുടെ പക്ഷം ചേര്‍ന്നാല്‍ അപകടം വരുമോ എന്നാണ് അദ്ദേഹത്തിന്റെ ഭയം. അതിന് പരിഹാരം മാര്‍ക്‌സ് നില്‍ക്കുന്നിടത്ത് നില്‍ക്കാതിരിക്കുക!!!

അതിനുള്ള ഏകമാര്‍ഗം ചൂഷകരോടൊത്തു നില്‍ക്കുകയും പാവങ്ങള്‍ക്കുവേണ്ടി മുതലക്കണ്ണീര് ഒഴുക്കുകയും ചെയ്യുക!!

മാര്‍ക്‌സിനോടൊപ്പം  നിന്നാല്‍ വരുന്ന അപകടത്തെയും ഫാ. അടപ്പൂര്‍ ചൂണ്ടിക്കാണിക്കുന്നു. പാവപ്പെട്ടവരെ മോചിപ്പിക്കുന്നതിനുപകരം അവരുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കാനേ അവ ഉപകരിക്കൂ. അതുകൊണ്ടു കൂടിയാണ് മാര്‍ക്‌സിനെ കൂട്ടുപിടിച്ച് ദരിദ്രരെ ഉദ്ധരിക്കാമെന്ന വ്യാമോഹം കൈവെടിയണമെന്ന് സഭാനേത്വം പറയുന്നത്.

ശരി, മാര്‍ക്‌സിനെ കൂട്ടു പിടിക്കുന്നത് തെറ്റാണ്. സമ്മതിക്കുന്നു. എങ്കില്‍, ഫാ. അടപ്പൂരും സഭാനേതൃത്വവും ഇക്കാലമത്രയും കേരളത്തില്‍ ജീവിച്ചിട്ട് കേരളത്തില്‍ നിലവില്‍ നിന്ന അനീതിയ്‌ക്കെതിരെ മാര്‍ക്‌സില്ലാതെ നടത്തിയ പ്രസ്ഥാനങ്ങളെക്കുറിച്ച് ഒരു ലിസ്റ്റ് വയ്ക്കാമോ? സാമൂഹ്യപരിഷ്‌കരണത്തിനുവേണ്ടി എത്ര സമരം സഭാധികാരം നടത്തിയെന്ന് ഒന്നു പറയാമോ?

ഒരു കഥയോര്‍ക്കുന്നു. ഫ്രഞ്ചുവിപ്ലവത്തിനു മുമ്പ് ജനങ്ങള്‍ ബഹളം കൂട്ടുന്നതെന്തിനെന്ന് രാജ്ഞി ചോദിച്ചു. അപ്പമില്ല എന്ന് അതിന് അവര്‍ മറുപടി പറഞ്ഞു. രാജ്ഞി ഉദാരമായ ഒരു നിര്‍ദ്ദേശം വെച്ചു. ”അപ്പമില്ലെങ്കില്‍ അവര്‍ കേക്കു തിന്നട്ടെ”. ഫാ. അടപ്പൂരിനും സമൂഹത്തിന്റെ മുമ്പില്‍ മാര്‍ക്‌സിസത്തിന്റെ സമ്പൂര്‍ണനിഷേധത്തിനുശേഷം വയ്ക്കുന്ന മറ്റൊരു പരിപാടി ‘കേക്കു തിന്നുക’ (സമ്പന്നരോടൊപ്പം നില്‍ക്കുക) എന്നതു മാത്രമാണ്.

Categories: Article