അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് മറുപടി III

(തുടര്‍ച്ച)

സ്വകാര്യ ആശുപത്രികള്‍ പ്രത്യേകിച്ചും കത്തോലിക്കാ ആശുപത്രികള്‍ ഇന്ന് ഡോക്ടര്‍മാര്‍ക്ക് വന്‍തുക ശമ്പളമായി കൊടുക്കുന്നുണ്ട്. ഈ അടുത്തയിടെ ഒരു പ്രശസ്തനായ ഗവണ്‍മെന്റ് ഡോക്ടര്‍ പറഞ്ഞ കാര്യം ഞാന്‍ ഓര്‍ക്കുന്നു. തന്റെ ഒപ്പം ഡിഗ്രിയുള്ളവര്‍ക്ക് 8000-10000 രൂപാ കത്തോലിക്കാ മിഷന്‍ ആശുപത്രികളില്‍ ലഭിക്കുന്നു. വസതികളും ചിലപ്പോള്‍ കമ്മീഷനും ലഭിക്കുന്നു. ഈ വന്‍ശമ്പളം കൊടുക്കുന്നതിന് രോഗികളില്‍ നിന്നും വന്‍ തുക വസൂലാക്കാന്‍ മാനേജ്‌മെന്റ് നിര്‍ബന്ധിതരാകുന്നു. സ്വകാര്യവിദ്യാലയങ്ങളെപോലെ തന്നെ സ്വകാര്യ ആശുപത്രികളും ആദ്യം ഇന്ത്യയില്‍ സ്ഥാപിച്ചത് പ്രെ#ാട്ടസ്റ്റന്റ് മിഷനറിമാരായിരുന്നു. വളരെ കുറഞ്ഞ ശമ്പളത്തില്‍ ജീവിക്കാന്‍ മാത്രമുള്ള വേതനം പറ്റി പ്രശസ്തരായ ഡോക്ടര്‍മാര്‍ അന്ന് ആശുപത്രികളില്‍ ക്രിസ്തുവിനെപ്രതി ജോലി ചെയ്തു വന്നു. ഹെഡാസ്‌കഡറും സോമര്‍വെല്ലും തികഞ്ഞ അര്‍പ്പണബോധമുള്ള ഡോക്ടര്‍മാരായിരുന്നു. പക്ഷേ ആ സേവനമാണോ ഇന്ന് നമ്മുടെ ആശുപത്രികളില്‍ ലഭിക്കുന്നത്. ?

പാലായിലെ ഒരു സ്വകാര്യ  മിഷന്‍ ആശുപത്രിയില്‍ 4000രൂപാ ശമ്പളമുണ്ടായിരുന്ന ഒരു ഡോക്ടര്‍ തല്‍സ്ഥാനം രാജി വെച്ച് മറ്റൊരു സ്വകാര്യ ആശുപത്രി സ്ഥാപിച്ചപ്പോള്‍ ഡോക്ടറുടെ അത്യാഗ്രഹത്തെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ നേരിട്ട് അദ്ദേഹത്തോട് പരാതിപ്പെട്ടു. 4000രൂപായുടെ കുറഞ്ഞ ശമ്പളം കൊണ്ട് എന്തുകൊണ്ട് താങ്കള്‍ ത്യപ്തിപ്പെടുന്നില്ല? അദ്ദേഹം എനിക്കു കണക്കു സഹിതം നല്‍കിയ ഉത്തരം താഴെ കൊടുക്കുന്നു.

ആശുപത്രികെട്ടിടം മുഴുവന്‍ ഉപകരണം സഹിതം കന്യാസ്ത്രീകള്‍ക്ക് സൗജന്യമായി ലഭിച്ചതാണ്. ആ ഡോക്ടറെ സന്ദര്‍ശിക്കുന്ന രോഗികളില്‍ നിന്നു ദിവസവും 300 രൂപാ വരെ ആശുപത്രിക്ക് ലഭിക്കുന്നുണ്ട്. 25 ദിവസത്തേക്ക് ശരാശരി 7500രൂപാ. പുറമേ ഓപ്പറേഷന്‍ ദിവസം വളരെ കൂടുതലും ലഭിക്കുന്നു. പ്രസവത്തിന് 250 രൂപാ വരെ ചാര്‍ജു ചെയ്യുന്നു.  സൗജന്യമായി കിട്ടിയ ആശുപത്രിയുടെ മുറികള്‍ 15 രൂപാ വരെ ദിവസ വാടകയ്ക്കു കൊടുക്കുന്നു. ഞാന്‍ വേല ചെയ്ത് എന്തിന് കന്യാസ്ത്രിയമ്മമാരെ പോറ്റണം? ഈ  ആശുപത്രിക്കു സമീപം ഇന്ന് ലക്ഷക്കണക്കിനു പണം മുടക്കി അമ്മമാര്‍ക്കു താമസിക്കാന്‍ മൂന്നു നില കെട്ടിടം പണിതു കഴിഞ്ഞു.

എന്റെ ഇടവകയില്‍ ഒരു പ്രത്യേക വിഭാഗം കന്യാസ്ത്രികള്‍ക്കായി   ഏഴ് ഏക്കര്‍ സ്ഥലം ഒരാള്‍ ആശുപത്രി നടത്തുന്നതിനായി വിട്ടുകൊടുത്തു. അവിടെ ആശുപത്രി കെട്ടിടവും മറ്റുള്ളവര്‍ പണിയിച്ചുകൊടുത്തു. പത്തുകൊല്ലമേ ആയുള്ളു . ഇന്ന് ലക്ഷക്കണക്കിനു പണം മുടക്കി അമ്മമാരുടെ താമസത്തിനായി മനോഹരമായ മന്ദിരം പണി തീര്‍ത്തു കഴിഞ്ഞു.

ഇവയെല്ലാം സേവനത്തിന്റെ പേരിലാണ് നടക്കുന്നത്. സഭയുടെ പേരില്‍ പക്ഷേ , പ്രാദേശികസഭാകൂട്ടായ്മയുമായി ഈ സ്ഥാപനങ്ങള്‍ക്ക് നാഭീനാളബന്ധമില്ല. നമ്മുടെ ആശുപത്രിസേവനം ഇന്ന് വമ്പിച്ച കച്ചവടമാണെന്നു പറഞ്ഞാല്‍ അതിനെതിരെ എന്തു വസ്തുതകള്‍ നമ്മുക്കു നിരത്തിവെയ്ക്കാനുണ്ട്.

ഈ  ആശുപത്രികളില്‍ ആത്മാര്‍ഥതയും അര്‍പ്പണമനോഭാവമുള്ള കുറെ കന്യാസ്ത്രീകള്‍ സേവനം നടത്തുന്നില്ല എന്ന് ഇതിന് അര്‍ഥമാക്കേണ്ടതില്ല.. ഉണ്ട്, പക്ഷേ നമ്മുടെ സാമൂഹ്യമുഖം എന്താണ്?

മുന്‍കെ#ാടുത്തിരിക്കുന്ന കത്തിലെ ഒരു ഭാഗം ഞാന്‍ ഉദ്ധരിക്കട്ടെ. അതുകൊണ്ടാണല്ലോ ഇന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ഭിക്ഷക്കാരുടെ മാത്രം സങ്കേതങ്ങളായി മാറിയിരിക്കുന്നത്.

എത്ര ശരിയാണ് നമ്മുടെ മിഷന്‍ ആശുപത്രികളെല്ലാം സമ്പന്നര്‍ക്കു സേവനം നല്‍കാനുള്ളതായിത്തീര്‍ന്നു. ഭിക്ഷക്കാരും പണമില്ലാത്തവരും ഇന്നും സര്‍ക്കാര്‍ ആശുപത്രിയെ അഭയം പ്രിക്കേണ്ടി വരുന്നു. കാരണം ഈ മിഷന്‍ ആശുപത്രികള്‍ അവര്‍ക്കുവേണ്ടിയുള്ളതല്ല. ലക്ഷക്കണക്കിനു വിദേശപണം കേരളത്തിലെ പാവപ്പെട്ടവരുടെ ചികിത്സയ്ക്കുവേണ്ടി ലഭിച്ചത്, നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത് ബഹുമാനപ്പെട്ട കത്തെഴുത്തുകാരന്‍ പറഞ്ഞതുപോലെ സമ്പന്നരുടെ സേവനത്തിനാണ്. നമ്മുടെ വിദ്യാഭ്യാസവും അവര്‍ക്കുവേണ്ടി. പാവപ്പെട്ടവര്‍ക്കും ഭിക്ഷക്കാര്‍ക്കും ഇന്നും ആശ്രയം ഗവണ്‍മെന്റ് ആശുപത്രി തന്നെ. ഗവണ്‍മെന്റ് സ്‌കൂളുകള്‍ തന്നെ ചരിത്രപരമായ ഈ വിപര്യയത്തിന്റെ സ്യഷ്ടിക്ക് ആരാണ് ഉത്തരവാദി.?

ഈ ചോദ്യം നാം നമ്മോടു തന്നെ ചോദിക്കുന്നതിനു സമയമായില്ലേ?

അങ്കമാലി ആശുപത്രിയില്‍ ബിരുദാനന്തര പഠനം നടത്തുവാനുള്ള തീരുമാനം സഭയുടേതല്ല, മാനേജരുടേതാണെന്ന് മുന്ഡകൊടുത്ത മെത്രാന്റെ കത്തില്‍ നിന്നും വ്യക്തമാണല്ലോ? ബിരുദാനന്തര വിദ്യാഭ്യാസം കൊണ്ട് മനുഷ്യരെ സേവിക്കണമെന്നാണല്ലോ മാനേജുമെന്റിന്റെ ഉദ്ദേശ്യം. ഒരു സേവനവും ആരുടേയും മേല്‍ അടിച്ചേല്പിക്കാന്‍ ആര്‍ക്കും അവകാശമില്ല. അത് ന്യൂനപക്ഷാവകാശവുമല്ല. ഈ ബിരുദാനന്തര കോളേജില്‍ പഠിക്കേണ്ടത് ഇവിടെ എം. ബി. ബി. എസ് പാസ്സാകുന്ന ഡോക്ടര്‍മാരാണല്ലോ. നാലു മെഡിക്കല്‍കോളേജ് അടച്ചിട്ട് അവര്‍ ഈ സേവനം തങ്ങള്‍ക്കു വേണ്ട എന്നു പറയുമ്പോള്‍ അവരുടെമേല്‍ അത് സഭയുടെ സ്വാധീനബലത്തില്‍ അടിച്ചേല്പിക്കാന്‍ മാനേജര്‍ക്ക് എന്തവകാശമാണുള്ളത്?

ഞാന്‍ ധരിച്ചുവെച്ചിരുന്നത് അങ്കമാലി ആശുപത്രി ബിഷപ്പിന്റെ ഭരണത്തിലും നിയന്ത്രണത്തിലുമാണെന്നാണ്. എന്നാല്‍ ഇന്ന് അത് ഒരു മാനേജുമെന്റിന്റെയാണെന്ന് ബിഷപ്പു തന്നെ പ്രഖ്യാപിച്ചിരിക്കെ അത് സമുദായത്തിന്റെതല്ലെന്നും സമുദായത്തിന് ഇക്കാര്യത്തില്‍ വികാരം കൊള്ളേണ്ട ആവശ്യമില്ലെന്നും വ്യക്തമായിരിക്കുന്നു.

അതുകൊണ്ട് ഇത്ല്‍ കത്തോലിക്കാസമുദായത്തിന്റെ അഭിമാനത്തിന്റെ പ്രശ്‌നമൊന്നും കടന്നു കൂടുന്നില്ല. നാളെ എറണാകുളത്തെ ഡോക്ടര്‍ പുളിക്കന്‍, തന്റെ ആശുപത്രിയിലും  ബിരുദാനന്തര പഠനംനടത്തണമെന്ന് ആവശ്യപ്പെട്ടേക്കാം. അദ്ദേഹം ക്രിസ്ത്യാനിയായതുകൊണ്ടും ആതുരശുശ്രൂഷാബിസിനസ്സ് തന്റെ സ്വന്തം പണം കെ#ാണ്ട് നടത്തുന്നു എന്നതുകൊണ്ടും അത് ക്രിസ്ത്യാനിയുടെ പ്രശ്‌നം ആവില്ലല്ലോ.

ശ്രി. പോളച്ചനെ വികാരവിവശനാക്കിയത് അങ്കമാലി ആശുപത്രി കത്തോലിക്കാസമുദായത്തിന്റേതാണെന്ന തെറ്റിദ്ധാരണയിലാണ്. മെത്രാനുപോലും നിയന്ത്രണാധികാരം ഇല്ലാത്ത മാനേജുമെന്റാണ് ഇതു നടത്തുന്നത് എന്ന സത്യം അദ്ദേഹത്തെ വികാരച്ചുഴിയില്‍ നിന്നും രക്ഷിക്കും എന്ന് നമുക്ക് സമാശ്വസിക്കാം.

കുറിപ്പ് : സി. എം. ഐ വൈദികരോടുള്ള എതിര്‍പ്പില്‍ മന: സംത്യപ്തിക്കുവേണ്ടിയാണ് എന്റെ വിമര്‍ശനം എന്ന പോളച്ചന്റെ വാദം കടന്നകൈയായിപ്പോയി. അങ്കമാലിയിലെ കത്തോലിക്കാ സ്‌കൂളില്‍ ജോലി ലഭിച്ചതിന്റെ നന്ദിയാണ് അദ്ദേഹത്തിന്റെ കത്ത് എന്ന ഞാന്‍ വാദിച്ചാലോ? ഭാവനയില്‍ കാണുന്നവ കൊണ്ട് യാഥാര്‍ഥ്യത്തെ എതിര്‍ക്കാന്‍ പറ്റില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.

ഓശാന ഒക്ടോബര്‍ 1984

Categories: Article