ഭരണങ്ങാനം പള്ളി കല്ലറപ്രശ്‌നം – ഒരു ചോദ്യവും ഉത്തരവും I

ചോദ്യം

ഭരണങ്ങാനം പള്ളി സെമിത്തേരിയില്‍ കുടുംബക്കല്ലറകള്‍ സ്ഥാപിച്ച ചില പണക്കാരുണ്ട്. അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടി പൂര്‍ത്തിയാകാന്‍ പോവുകയാണല്ലോ. ഈ സാഹചര്യത്തില്‍ ഇടവകയോഗം ഏകകണ്ഠമായി കുടുംബക്കല്ലറകള്‍ അല്‍ഫോന്‍സാമ്മയുടെ സെമിത്തേരിയില്‍ നിന്നും മാറ്റുന്നതിന് തീരുമാനിച്ചു. എന്നാല്‍ പണക്കാര്‍ ഇടവകയോഗത്തെ ധിക്കരിക്കുകയാണ്.

സെമിത്തേരിയില്‍ പണക്കാരന്‍ മരിച്ചാല്‍ കുടുംബക്കല്ലറ, പാവപ്പെട്ടവന്‍ മരിച്ചാല്‍ പച്ചമണ്ണ്. ഈ സമ്പ്രദായം തുടര്‍ന്നുകൊണ്ടു പോകണമെന്നാണ് ഈ പണക്കാരുടെ വാശി.  ഇതിനെക്കുറിച്ച് പഠിച്ച് ഇടവകയോഗത്തിന്റെ ഏകകണ്ഠമായ തീരുമാനത്തിന് അനുകൂലമായി താങ്കള്‍ തൂലിക ചലിപ്പിക്കണമെന്നാഗ്രഹിക്കുന്നു.

ഉത്തരം

ഇതു സംബന്ധിച്ച് സിവില്‍ കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ടെന്ന് അറിയുന്നു. തന്മൂലം അതിന്റെ നിയമസാധുതയെക്കുറിച്ച് പറയാനുള്ള അവകാശം എനിക്കില്ല. മാത്രമല്ല ഞാന്‍ നിയമജ്ഞനുമല്ല. അത് കോടതി തീരുമാനിക്കട്ടെ. ഈ സംഭവം സഭയുടെ ആകമാനമുഖം പ്രതിബിംബിക്കുന്നതാകയാലും അടിസ്ഥാനപരമായ ധാര്‍മികമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാകയാലും ഇതു വിശദമായ പഠനത്തിനു വിധേയമാക്കേണ്ടതാണ്.

ഏതു പ്രശ്‌നത്തിനും നിലവിലുള്ള നിയമമനുസരിച്ച് ശരിയും തെറ്റും ഉണ്ടാകും. എന്നാല്‍ നിയമം രാഷ്ട്രത്തിന്റെ സ്യഷ്ടിയാണ്. അത് മാറിക്കൊണ്ടിരിക്കും. പക്ഷേ എല്ലാ പ്രശ്‌നത്തിനും ഒരു ധാര്‍മികവശം ഉണ്ട്. മതങ്ങള്‍കൈകാര്യം ചെയ്യുന്നത് അതാണ്. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് നിങ്ങളുടെ നീതി നിയമജ്ഞന്മാരുടെ നീതിയേക്കാള്‍ ഉപരിയായിരിക്കണമെന്ന്. ഒരു ഉദാഹരണം പറയട്ടെ. ഒരാള്‍ പ്രോനോട്ട് എഴുതി കുറെ രൂപാ വാങ്ങുന്നു. മൂന്നുകൊല്ലം കഴിഞ്ഞ് ഉത്തമര്‍ണ്ണന്‍ കേസിനു പോകുന്നു. പ്രോനോട്ട് കാലഹരണപ്പെട്ടതിനാല്‍ കോടതി അധമര്‍ണന് അനുകൂലമായി വിധിക്കുന്നു. നിയമമനുസരിച്ച് അധമര്‍ണന്‍ പണം കെ#ാടുക്കാന്‍ ബാധ്യസ്ഥനല്ല. പക്ഷേ ധാര്‍മികനിയമമനുസരിച്ചോ? ഒരാള്‍ മറ്റൊരാളെ കൊല്ലുന്നു. നിയമകോടതി അയാളെ തെളിവുകളില്ലാത്തതിനാല്‍ വെറുതെ വിടുന്നു. ഈ ജഡ്ജ്‌മെന്റിന്റെ കോപ്പി മരണശേഷം ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കിയാല്‍ ഒരാള്‍ക്ക് ദൈവ തിരുമുമ്പാകെ നീതികരണമാകുമോ?

ഇവിടെയാണ് രാഷ്ട്രത്തിന്റെ സിവില്‍ ക്രിമിനല്‍ നിയമങ്ങളും ധാര്‍മിക നിയമങ്ങളും തമ്മിലുള്ള വ്യത്യാസം. സഭ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ മാത്രം അനുസരിക്കേണ്ടവളല്ല. അതിനുപരിയായി ധാര്‍മിക നിയമങ്ങളുടെ പാലകയാകണം. അങ്കിലേ സഭയ്ക്ക് അവളുടെ ധാര്‍മികചൈതന്യം നിലനിര്‍ത്താനാകൂ.

ഈ കല്ലറപ്രശ്‌നത്തിന്റെ കാര്യം തന്നെ എടുക്കാം. യേശുവിന്റെ പഠനമനുസരിച്ച് മനുഷ്യന്‍ ദൈവതിരുമുമ്പാകെ തുല്യരാണ്. സഭയിലും തുല്യരാണ്. ചെറിയവരും വലിയവരും എന്ന വ്യത്യാസം സഭയില്‍ ഉണ്ടാകാനേ പാടില്ല. സാമൂഹ്യമായ ഉച്ചനീചത്വങ്ങള്‍ സഭാമണ്ഡലത്തില്‍ പ്രവേശിപ്പിക്കാനും പാടില്ല.

ക്രിസ്തുവിനെ  ഉദരത്തില്‍ വഹിച്ചിരുന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതയായി മറിയം പറഞ്ഞു. എന്റെ ആത്മാവു കര്‍ത്താവിനെ പ്രകീര്‍ത്തിക്കുന്നു. എന്റെ അരൂപി എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. കാരണം , അവന്‍ തന്റെ ദാസിയുടെ താഴ്മയെ പരിഗണിച്ചിരിക്കുന്നു. ഇതാ, ഇനി മുതല്‍ എല്ലാ തലമുറകളും എന്നെ അനുഗ്യഹീത എന്നു വിളിക്കും. കാരണം, സര്‍വ്വശക്തന്‍ എനിക്കുവേണ്ടി മഹത്തായ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു. അവന്റെ നാമം പരിശുദ്ധമാകുന്നു. അവനെ ഭയപ്പെടുന്നവരില്‍ അവന്റെ കാരുണ്യം തലമുറതോറും ഉണ്ടായിരിക്കും. അവന്‍ തന്റെ കരബലം കാട്ടിയിരിക്കുന്നു. ഹ്യദയത്തില്‍ അഹംഭാവികളായിരുന്നവരെ അവന്‍ ചിതറിച്ചു. ശക്തരെ അവരുടെ സിംഹാസനങ്ങളില്‍ നിന്ന് അവന്‍ മറിച്ചിട്ടു. താഴ്ന്നവരെ അവന്‍ ഉയര്‍ത്തി. വിശക്കുന്നവരെ നല്ല വിഭവങ്ങള്‍കൊണ്ട്  അവന്‍ ത്യപ്തിപ്പെടുത്തി. ധനവാന്മാരെ അവന്‍ വെറും കൈയ്യോടെ അവന്‍ പറഞ്ഞയച്ചു.(ലൂക്കാ, 1, 46-53).

ഏശയ്യാദീര്‍ഘദര്‍ശിയുടെ വാക്കുകളില്‍ തന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് ആത്മാവിന്റെ ശക്തിയോടെ യേശു ചൂണ്ടിക്കാണിക്കുന്നതു നോക്കുക. കര്‍ത്താവിന്റെ അരൂപി എന്റെമേല്‍ ഉണ്ട്. കാരണം ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാന്‍ അവന്‍ എന്നെ അഭിഷേചിച്ചിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും പ്രഖ്യാപിക്കാന്‍ മര്‍ദ്ദിതരെ സ്വതന്ത്രരാക്കാന്‍, കര്‍ത്താവിന്നു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു. (ലൂക്കാ. 4 .18-19).

എന്നാല്‍ ഇന്ന് സഭയില്‍ സംഭവിച്ചിരിക്കുന്നതെന്താണ്? ദരിദ്രരെ വെറുംകയ്യോടെ പറഞ്ഞുവിടുകയും സമ്പന്നമാരെ തൃപ്തിപ്പെടുത്തുകയും അല്ലേ? ഇന്ന് സഭയില്‍ മരിച്ചാല്‍ പോലും തുല്യതയില്ല. സ്വന്തമായി ഒരു കല്ലറപോലും വാങ്ങാന്‍ പണം കരുതിവെയ്ക്കാതിരുന്ന മുപ്പാരിനൂന്നാം വിളക്കിന്റെ, സഭയുടെ ഭരണാധിപന്മാരായ മെത്രാന്മാര്‍ ലോകജീവിതത്തില്‍ എല്ലാ സമ്പന്നനെക്കാളും ആഡംബരത്തില്‍ ജീവിക്കുന്നു. മരിച്ചാലോ പള്ളിയുടെ മദ്ബഹായില്‍ തന്നെ അടക്കപ്പെടുന്നു. അച്ചനും കന്യാസ്ത്രീയും മരിച്ചാല്‍ പാപികളായ അല്‍മായനോടൊപ്പം കിടക്കുന്നത് അപമാനകരമാകയാല്‍ മഴ കൊള്ളാത്തിടത്തു തന്നെ അടക്കപ്പെടുന്നു. മരിച്ചാലും പ്രധാന സ്ഥാനം.

അതിനും പുറമെ പണസമ്പാദനവ്യഗ്രയായ സഭ സമ്പന്നന്റെ അഹം എന്ന ഭാവം ചൂഷണം ചെയ്യാന്‍ വേണ്ടി സെമിത്തേരിയില്‍ കുടുംബക്കല്ലറ, വ്യക്തിക്കല്ലറ, വിവിധ നിരക്കുകളുള്ള നിരകള്‍ മുതലായവ സ്ഥാപിക്കുന്നു. ഇങ്ങനെ മരണാനന്തരവും മനുഷ്യന് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനമഹിമ ഔദ്യോഗികമായി സഭ നല്‍കുന്നു.

മരണം പോലും സഭയില്‍ എല്ലാവരെയും തുല്യരാക്കുകയില്ല. മരിച്ചാലും സമ്പന്നന്റെ സമ്പത്ത്, പ്രൗഢി, പള്ളിയുടെ വിശുദ്ധസ്ഥലമായ സെമിത്തേരിയിലും പ്രകടിപ്പിക്കാന്‍ അവസരം കൊടുക്കുന്നു.

ഇത്തരം അവസരമുണ്ടാക്കി സമ്പന്നന്റെ അഹംഭാവത്തെ ഊതി വീര്‍പ്പിച്ച് ദ്രവ്യാഗ്രഹത്തോടെ സഭാധികാരം പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് കുടുംബക്കല്ലറകള്‍ എന്ന പ്രതിഭാസം ഉണ്ടായത്.

(തുടരും)

 

Categories: Article