അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് മറുപടി II

(തുടര്‍ച്ച)

തിരുനക്കര മൈതാനത്തുവെച്ച് അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് നടന്ന യോഗത്തില്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന ശ്രി. വി. ആര്‍ . ക്യഷ്ണയ്യര്‍ ചെയ്ത പ്രസംഗം ഞാന്‍ നേരിട്ട് കേട്ടു. അദ്ദേഹം അങ്കമാലി ആശുപത്രിയില്‍ ഇന്നുള്ള ഉപകരണങ്ങളുടെ അപര്യാപ്തതയെക്കുറിച്ചോ ടോണി ഫെര്‍ണാണ്ടസ് ഡോക്ടറുടെ കഴിവില്ലായ്മയെക്കുറിച്ചോ സംസാരിച്ചില്ല. മറിച്ച് അവയെ  പ്രശംസിക്കുക കൂടി ചെയ്തു.

അദ്ദേഹത്തിന് പറയാനുണ്ടായിരുന്നത് ഇന്ന് സ്വകാര്യ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന കച്ചവടത്തെക്കുറിച്ചാണ്. പൊതു വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്ക് തുറന്നിട്ടതിന്റെ ഫലമായി വിദ്യാഭ്യാസം ഒരു കച്ചവടമായി മാറി. മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സ്വകാര്യഏജന്‍സികളുടെ പ്രവേശനം ആ രംഗത്തെയും കച്ചവടരംഗമാക്കി മാറ്റും. ഇതായിരുന്നു അദ്ദേഹത്തിന്റെ വാദം.

ചെറിയ കാര്യങ്ങളില്‍ നാം വിശ്വസ്തരാകാതിരുന്നതു മൂലം വലിയ കാര്യങ്ങള്‍ നമ്മെ ഏല്പിക്കുന്നത് ശരിയല്ല എന്നതാണ് പൊതുസമൂഹം ഉന്നയിച്ച വാദത്തിന്റെ കാതല്‍.

ഈ വാദത്തെ പൊളിക്കണമെങ്കില്‍ നമ്മെ ഏല്പിച്ച ചെറിയ കാര്യം നാം നന്നായി നടത്തിയെന്നു തെളിയിക്കണം.

അതിനു നമുക്കു കഴിയുമോ എന്നതാണു പ്രശ്‌നം. നമ്മുടെ കോളേജുകളിലും സ്‌കൂളുകളിലും ഇന്ന് നഗ്നമായ കച്ചവടം നടക്കുന്നില്ലേ? മാന്നാനം, കുറവിലങ്ങാട്, എടത്വാ, കൊതവറ, എല്‍ത്തുരുത്ത്, മുതലായ കോളേജുകളില്‍ 50000.വും 75000 വും രൂപാ അധ്യാപക നിയമനത്തിന് മാനേജുമെന്റ് കൈക്കൂലി വാങ്ങിയില്ലെന്ന് പറയാന്‍ നമുക്ക് നാക്കു പൊങ്ങുമോ? തിരുവനന്തപുരത്ത് കര്‍മലീത്തര്‍ നടത്തുന്ന സ്‌കൂളില്‍ 5000രൂപാ വരെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനു വാങ്ങുന്നു. കോതമംഗലം രൂപതയില്‍ അധ്യാപക നിയമനത്തിനും വിദ്യാര്‍ഥി പ്രവേശത്തിനും പണം വാങ്ങുന്നത് കുര്‍ബാനധര്‍മം പോലെ സാധാരണമായിത്തീര്‍ന്നിരിക്കുകയാണ്. രാജ്യത്തിന്റെ നിയമത്തിനും ധാര്‍മികനിയമത്തിനും ഘടകവിരുദ്ധമായ ഈ  പ്രവ്യത്തികള്‍ ചെയ്യാന്‍ യാതൊരു മനക്കടിയും ഈ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്നവര്‍ക്കില്ല.

അങ്ങനെ നമ്മുടെ വിദ്യാലയങ്ങളുടെ സേവനമുഖം നാം തന്നെ കളഞ്ഞുകുളിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്കു വിട്ടുകൊടുത്താല്‍ പൊതു വിദ്യാഭ്യാമേഖലയില്‍ ഇന്ന് നടമാടുന്ന അഴിമതിയും അങ്ങോട്ട് പടര്‍ന്നു പിടിക്കും എന്ന് സാമൂഹ്യചിന്തകര്‍ പറഞ്ഞാല്‍ അതിനെ കേവലം വിപ്ലവവായാടിത്തമായി പറഞ്ഞുതള്ളാന്‍ വിഷമമുണ്ട്. ഇത്തരുണത്തില്‍ ഞാന്‍ ബഹു. മെത്രാനയച്ച കത്തിന് എനിക്കു വന്ന മറുപടിയിലെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു. 17-8-84 ലെ കത്തിനു ന്ദി. അതില്‍ സൂചിപ്പിച്ച കാര്യത്തിനു മുന്‍കൈ എടുത്തതും അപേക്ഷകള്‍ സമര്‍പ്പിച്ചതും ആശുപത്രി മാനേജുമെന്റാണ്. എതിര്‍പ്പുകള്‍ പരിഗണിച്ച് വേണ്ടതു ചെയ്യാന്‍ മാനേജുമെന്റ് തയ്യാറാണ് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

കത്തോലിക്കരുടേതെന്ന് പറയപ്പെടുന്ന സ്ഥാപനങ്ങളുടെയെല്ലാം സ്ഥിതിയിതാണ്. ബഹു. മെത്രാനച്ചന് സ്ഥാപനത്തിന്റെ മാനേജുമെന്റിന്റെ നയങ്ങളില്‍ സ്വാധീനിക്കാനാവാത്ത നിസ്സഹായാവസ്ഥ!!എടത്വാ കോളേജില്‍ അധ്യാപകനിയമനം ലേലം വിളിച്ച് വില്‍ക്കുന്നതിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ ചങ്ങനാശ്ശേരി മെത്രാനച്ചനും പറയും അതു മാനേജുമെന്റാണ് തീരുമാനിക്കുന്നത്, ഞാന്‍ എന്തു ചെയ്യാന്‍? മാന്നാനം കോളേജില്‍ പകിടി വാങ്ങുന്നതിനെക്കുറിച്ച് പരാതിപ്പെട്ടാല്‍ പ്രയോര്‍ ജനറാള്‍ പറയും . ഞാനെന്തു ചെയ്യാന്‍ , കമ്മറ്റിയാണ് ചെയ്യുന്നത്.

അങ്ങനെ കത്തോലിക്കരുടേതെന്ന് അഭിമാനിക്കുകയും പൊക്കിപ്പിടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ നയപരിപാടികളും പ്രവര്‍ത്തനവും നിയന്ത്രിക്കാന്‍ മെത്രാനും മേലധികാരികള്‍ക്കും പോലും കഴിയാത്ത നിലയാണ് ഇന്ന്. ഇവയുടെ മേല്‍ വിശ്വാസികളുടെ നിയന്ത്രണം ഒട്ടും തന്നെ ഇല്ലെന്നു പറയേണ്ടതില്ലലോ.

ഇങ്ങനെ നമ്മുടെ സാമൂഹ്യമണ്ഡലത്തില്‍ സഭയുടെ പേരില്‍ സമ്പത്താര്‍ജിക്കുകയും സഭയുടെ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സഭാസ്ഥാപനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഈ സ്ഥാപനങ്ങള്‍ പൊതുസമൂഹത്തില്‍ വരയ്ക്കുന്ന അവരുടെ മുഖം പലപ്പോഴും അഴിമതിയുടേതാണു താനും . ഇവര്‍ അനുസ്യൂതം നടത്തുന്ന അഴിമതികള്‍ക്കെതിരേ പൊതുസമൂഹം പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ അയ്യോ, കത്തോലിക്കാ സ്ഥാപനങ്ങളുടെമേല്‍ കയ്യേറ്റം നടത്തുന്നേ എന്ന് ഇക്കൂട്ടര്‍ വിളിച്ചു പറയും. മതസിദ്ധാന്തങ്ങളെ കുത്തിയിളക്കി തങ്ങളുടെ അഴിമതികള്‍ക്ക് പുകമറ സ്യഷ്ടിക്കും.

നമ്മുടെ ആശുപത്രികളില്‍ അര്‍പ്പിക്കുന്ന സേവനത്തെക്കുറിച്ച് ശ്രി. പോളച്ചന്‍ വികാരം കൊള്ളുന്നു. അദ്ദേഹം എഴുതുന്നു. സമര്‍പ്പിതജീവിതം നയിക്കുന്ന നമ്മുടെ സഹോദരികള്‍ തുച്ഛമായ വേതനം മാത്രം പറ്റി നടത്തുന്നവയാണ് നമ്മുടെ മിക്കവാറും മിഷന്‍ ആശുപത്രികള്‍. സ്വകാര്യ നഴ്‌സിംഗ് ഹോമുകളും മിഷനാശുപത്രികളും തമ്മില്‍ ചികിത്സാ ചെലവിന്റെ കാര്യത്തില്‍ ഭീമമായ അന്തരം ഉണ്ടാകാന്‍ കാരണം ഇതാണ്. രോഗിയുടെ സാമ്പത്തികശക്തിയനുസരിച്ചായിരിക്കും മിഷനാശുപത്രികളില്‍ മിക്കവാറും ബില്ലു നല്‍കുന്നത്.

ഈ പ്രസ്താവനയില്‍ ഗുരുതരമായ വസ്തുതാ തെറ്റുകള്‍ കടന്നു കൂടിയിട്ടുണ്ട്.

സ്വകാര്യവ്യക്തികള്‍ നടത്തുന്ന ആശുപത്രികളില്‍ മൂലധനനിക്ഷേപം അവരുടെ സ്വയാര്‍ജിത സമ്പത്തോ കടംകൊണ്ട പണമോ ആണ്. തന്മൂലം മൂലധനച്ചെലവിന്റെ അംഗീക്യത പലിശയെങ്കിലും അവര്‍ക്ക് അവകാശപ്പെട്ടതാണല്ലോ. മൂലധനനിക്ഷേപത്തില്‍ നിന്നും ലാഭം സമാഹരിക്കുന്നത് മുതലാളിത്തവ്യവസ്ഥയില്‍ സര്‍വ്വസമ്മതമാണ്.

എന്നാല്‍ കത്തോലിക്കാമിഷനാശുപത്രികളുടെ മൂലധനനിക്ഷേപം ആശുപത്രിയുടമയുടേതല്ല. ഉദാഹരണത്തിന് അങ്കമാലി ആശുപത്രി തന്നെ എടുക്കാം വന്‍പിച്ച കെട്ടിടങ്ങളും ആശുപത്രി ഉപകരണങ്ങളും സൗജന്യമായി ലഭിച്ചതാണ്. ലിസ്സി ആശുപത്രിയും അങ്ങനെ തന്നെ. എന്നാല്‍ മൂലധന നിക്ഷേപമില്ലാത്ത മുറികള്‍ക്കും അവിടെ വാടക വാങ്ങുന്നുണ്ട് എന്നത് ഒരു സത്യമാണ്. സഭയുടെ പേരില്‍ സൗജന്യമായി കിട്ടുന്നതാണ് ഇവ. ക്രിസ്തു പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ക്ക് സൗജന്യമായി കിട്ടി ,സൗജന്യമായി കൊടുക്കുക. സൗജന്യമായി ലഭിച്ച വന്‍പിച്ച മൂലധനം ഇന്ന് പണസമ്പാദനത്തിന് ഉപാധിയാക്കുകയല്ലേ ചെയ്യുന്നത്.

കത്തോലിക്കാസഭ ആശുപത്രി സേവനത്തിന് ഇറങ്ങിയതിനുശേഷം പ്രസ്തുത രംഗത്തു വന്നു ഭവിച്ച മാത്സര്യം ആതുരശുശ്രൂഷാരംഗത്തെ വമ്പിച്ച കച്ചവടം ആക്കാനും സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കാനും മാത്രമേ ഉതകിയുള്ളു എന്ന് ഈ രംഗത്തെക്കുറിച്ച് ആഴമായി പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല.

(തുടരും)

ഓശാന ഒക്ടോബര്‍ 1984

 

Categories: Article