വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ II

ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

ഫാ. അടപ്പൂര്‍ ഉറപ്പിച്ചു പറയുന്നു. ദരിദ്രരോട് ക്രിസ്തുവിനുണ്ടായിരുന്ന സവിശേഷമായ ആഭിമുഖ്യം മനസ്സിലാക്കുകയും അതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുകയും ചെയ്യുന്നവന്‍ ക്രിസ്ത്യാനിയല്ല എന്ന്. കേരളത്തിന്റെ ചരിത്രത്തില്‍  സഭാധികാരം എന്നെങ്കിലും ദരിദ്രരുടെയും പീഡിതരുടെയും പക്ഷം ചേര്‍ന്ന് കര്‍ഷകത്തൊഴിലാളികള്‍ക്കുവേണ്ടി, ഭൂരഹിതര്‍ക്കുവേണ്ടി, മറ്റ് ചൂഷണവിധേയമായ ജനങ്ങള്‍ക്കുവേണ്ടി, പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഇവിടെ പള്ളിക്കൂടം അധ്യാപകര്‍ക്ക് സേവനസുസ്ഥിരതയ്ക്കുവേണ്ടി നിയമം കൊണ്ടുവന്നതിനെതിരെ അക്രമം ഉപയോഗിച്ചും പോരാടിയവരല്ലേ സഭാനേത്യത്വം. വല്ലപ്പോഴും വിദേശത്തുനിന്ന് ഒഴുകിവരുന്ന പണംകൊണ്ട് വലിയ ആരവാരവത്തോടെ നടത്തുന്ന ഉപവിപ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നമ്മുടെ സാമൂഹികജീവിതത്തിലെ അനീതി നിറഞ്ഞ സംവിധാനത്തിനെതിരെ ചെറുവിരലനക്കാന്‍ എന്നെങ്കിലും സഭാനേത്യത്വം തയ്യാറായിട്ടുണ്ടോ? പാശ്ചാത്യസഭയില്‍ നിന്നും കടം വാങ്ങിയ രാജകീയ മെത്രാന്‍പദവിയുടെ സുഖഭോഗങ്ങളുടെയും അധികാരത്തിന്റെയും ദന്തഗോപുരത്തില്‍ ഇരിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ഫാ. അടപ്പൂരിന്റെതന്നെ വിശകലനത്തില്‍ ക്രിസ്ത്യാനികളല്ലെന്നു വരുന്നു. കാരണം അവര്‍ എടുത്തണിഞ്ഞിരിക്കുന്ന മുഖം നസ്രായനായ യേശുവിന്റെയല്ല റോമന്‍ സാമ്രാട്ടിന്റെതാണ്.

അപ്പോള്‍ ഫാ. അടപ്പൂരിന്റെ നിര്‍വചനമനുസരിച്ച് സഭാധികാരവും സന്ന്യാസികളും ഇന്ന് ക്രിസ്ത്യാനികളല്ല എന്നു വന്നു ഭവിക്കുന്നു.

ക്രിസ്തുവിന്റെ മൗതിക ശരീരം

അപ്പോള്‍ ക്രിസ്ത്യാനികളല്ലാത്തവരെക്കൊണ്ടാണ് ഫാ. അടപ്പൂരിന്റെ ഭാഷ്യത്തില്‍ ക്രിസ്തുവിന്റെ മൗതികശരീരം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയില്‍ ക്രിസ്തുവിന്ന് അന്യമായ ഘടനാരീതി ഉണ്ടാകാന്‍ പാടില്ല. ക്രിസ്തു എന്തെല്ലാം ചെയ്യരുതെന്നു വിശുദ്ധ സുവിശേഷത്തിലൂടെ കല്പിച്ചിരുന്നുവോ അതെല്ലാം സഭ ഇന്ന് ഏറ്റെടുത്ത് സ്വായത്തമാക്കിയിരിക്കയാണ്. ലോകജീവിതകാലത്ത് എല്ലാ ഭൗതികസമ്പത്തുകളെയും വര്‍ജിച്ച യേശുവിന്റെ പേരില്‍ സഭാധികാരം ഇന്ന് എല്ലാ  സാമ്പത്തികമണ്ഡലത്തിലും പ്രാമുഖ്യം നേടിയെടുത്തിരിക്കുന്നു. അങ്ങനെ സഭയെ ക്രിസ്തുവിന്റെ മൗതികശരീരമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു.

മാര്‍ക്‌സിസം എന്ന ഇമ്പാച്ചി

ഫാ. അടപ്പൂര്‍ വിമോചന ദൈവശാസ്ത്രത്തെ മാര്‍ക്‌സിസ്റ്റ് കല്‍ത്തൂണില്‍ കെട്ടിയാണ് തന്റെ വാദമുഖങ്ങളുടെ ചമ്മട്ടികൊണ്ട് ഭേദ്യം ചെയ്യുന്നത്. ഈ ശൈലി പഠനവിധേയമാണ് .

സഭാസംവിധാനങ്ങളുടെയും സഭയില്‍ കെട്ടിയിരുത്തപ്പെട്ടിരിക്കുന്ന ക്രൈസ്തവ വീക്ഷണങ്ങളെയും താത്ത്വികമായി എതിര്‍ക്കുന്നവരെ തന്ത്രപൂര്‍വം നേരിടുന്നതിന് ദൈവശാസ്ത്രജ്ഞന്മാരെന്ന വര്‍ഗം സ്യഷ്ടിച്ചുവെച്ചിരിക്കുന്ന ഒരു കെണിയെക്കുറിച്ച് വിശദീകരിച്ചെങ്കില്‍ മാത്രമേ ഫാ. അടപ്പൂരിന്റെ വാദപ്രപഞ്ചത്തിന്റെ അര്‍ഥശൂന്യതയുടെ ആഴം മനസ്സിലാക്കാനാകൂ.

പൂര്‍ണനിഷേധ വാദം

സഭാധികാരം സ്വന്തം ഘടനാപരമായ വ്യവസ്ഥയെ നിലനിര്‍ത്തുന്നതിന് പല കാലഘട്ടത്തിലും പല തത്ത്വങ്ങളെയും ചിന്തകളെയും പൂര്‍ണമായും ശപിച്ച് തള്ളിപ്പറയും.  ആ  വാദത്തെ പൂര്‍ണനിഷേധ വാദമെന്നു വിളിക്കാം. നിഷേധിക്കപ്പെടുന്ന ആശയത്തില്‍ അല്ലെങ്കില്‍ ചിന്തയില്‍ നല്ലതെന്തെങ്കിലുമുണ്ടോയെന്ന പര്യാലോചനയ്ക്കുപോലും ദൈവശാസ്ത്രജ്ഞന്മാര്‍ തയ്യാറാകുകയില്ല.

പാശ്ചാത്യസഭയേയും  പൗരസ്ത്യസഭയേയും തമ്മില്‍ ഭിന്നിപ്പിക്കുന്നതിന് കാരണമായ നെസ്‌തോറിയന്‍ പാഷണ്ഡത തന്നെ ഉദാഹരണം. പൗരസ്ത്യ റോമന്‍സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കോണ്‍സ്റ്റാന്റിനോപ്പിള്‍. റോമാസാമ്രാജ്യത്തിന്റെ ആദി തലസ്ഥാനമായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പ്രാധാന്യം വര്‍ധിച്ചുവരുന്നതില്‍ റോമിന് ഭയമുണ്ടായിരുന്നു. ഈ അധികാരവടംവലി പ്രത്യക്ഷപ്പെട്ടത് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസായിരുന്ന നെസ്‌തോറിനെ സഭയില്‍നിന്നു പുറന്തള്ളി ശപിക്കുന്നതിനുള്ള ഉപജാപങ്ങളിലൂടെയാണ്. മറിയം ക്രിസ്തുവിന്റെ മാതാവാണോ ദൈവത്തിന്റെ മാതാവാണോ എന്നതായിരുന്നു പ്രത്യക്ഷത്തിലുള്ള തര്‍ക്കവിഷയം. നെസ്‌തോര്‍ ക്രിസ്തുവിന്റെ മാതാവു മാത്രമാണ് മറിയം എന്നു വാദിച്ചു. അന്ത്യോക്യന്‍ പാത്രിയര്‍ക്കീസും കോണ്‍സ്റ്റന്റയിന്‍ പാത്രിയര്‍ക്കീസും തമ്മില്‍ പൗരസ്ത്യസഭയില്‍ നിലവിലുണ്ടായിരുന്ന അധികാരത്തര്‍ക്കത്തില്‍ അന്ത്യോക്യാ പാത്രിയാര്‍ക്കീസിന് പിന്‍തുണ നല്‍കിയ നെസ്‌തോറിനെയും നെസ്‌തോറിന്റെ  വീക്ഷണത്തിനു പിന്‍തുണ നല്‍കിയിരുന്നവരെയും റോമന്‍ ചക്രവര്‍ത്തിയുടെ പിന്‍തുണയോടെ റോമന്‍ പാപ്പാ ശപിച്ചു തള്ളി. നെസ്‌തോറിയന്‍ പാഷണ്ഡതയുടെ പിന്‍ഗാമികളായാണ് സിറിയന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അറിയപ്പെടുന്നത്. ഇപ്പോള്‍ ഈ സഭയുടെ തലവന്‍ (യാക്കോബായ സഭ) റോമുമായി ഐക്യപ്പെടുന്നതിനുള്ള കൂടിയാലോചന നടന്നു. 15 നൂറ്റാണ്ടുകള്‍ക്കു ശേഷം ഇപ്പോള്‍ നെസ്‌തോറിയസിനെ ശപിച്ചത് വാക്കുകളുടെ വാക്കുകളുടെ അര്‍ഥത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണെന്ന് സഭ വാദിക്കുന്നു. ക്രിസ്ത്യന്‍ ഓറിയന്റില്‍ വന്ന മുഖലേഖനത്തിലെ പ്രസക്തഭാഗം താഴെ കൊടുക്കുന്നു:

On the occasion of the visit of the Syrian Orthodox Patriarch of Antioch on June 23rd , Pope John Paul II and Syrian Orthodox Patriarch together declared that the two churches accept the faith formulated by the Nicene creed . They affirmed that the confusions and schisms that occured between the two churches in later centuries (from the council of Chalcedon in 451) in no way affect or touch the substance of their faith. The confusions and schisms arose only because of differences in terminology and culture and in the varios formula  adopted by different theological schools to express the same matter. They went on to say that they find today no real basis for the sad divisions and schisms that subsequently arose between the two churches concerning the doctrine of incarnation . There is also identity in the conception of Christ and in the conception of his mystery of the Church is the body of Christ and in the Sacramental life ( Christian Orient .84).

(തുടരും)

Categories: Article