പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം (തുടര്‍ച്ച) XXVIII

റോമാ 4: 17 – 25

ഞാന്‍ നിന്നെ അനേകം ജനതകള്‍ക്കു പിതാവാക്കുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. മരിച്ചവരെ ജീവിപ്പിക്കയും ഇല്ലായ്മയില്‍ നിന്ന് ഉണ്ടാക്കുകയും ദൈവത്തിന്റെ മുമ്പാകെ അയാള്‍ വിശ്വാസമര്‍പ്പിച്ചു. ദൈവത്തിന്റെ മുമ്പാകെ അയാള്‍ നമ്മുടെ പിതാവാണ്. നിന്റെ സന്തതികള്‍ ഇങ്ങനെ അയിരിക്കും എന്ന  അരുളപ്പാടിന്നു അനുസ്യതമായി അയാള്‍ അനേകം ജനതകളുടെ പിതാവായിരിക്കേണ്ടതിന്ന് പ്രത്യാശയില്ലാതിരിക്കെ തന്നെ അയാള്‍ പ്രത്യാശപൂര്‍വം വിശ്വസിച്ചു. നൂറുവയസ്സോളമായ തന്റെ ശരീരം മ്യതപ്രായമായിരുന്നിട്ടും സാറായുടെ ഉദരം വന്ധ്യമാണെന്നറിഞ്ഞിട്ടും അയാളുടെ വിശ്വാസം ദുര്‍ബലമായില്ല. ദൈവത്തിന്റെ വാഗാദാനത്തില്‍ സംശയാലുവാകാതെ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തന്റെ വിശ്വാസത്തില്‍ അയാള്‍ ശക്തി പ്രാപിച്ചു. തന്റെ വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു  കഴിയും എന്ന് അയാള്‍ പൂര്‍ണമായും വിശ്വസിച്ചു. അതുകൊണ്ട് അയാളുടെ വിശ്വാസം അയാള്‍ക്ക് നീതിയായി കണക്കാക്കപ്പെട്ടു. അയാള്‍ക്കു കണക്കാക്കപ്പെട്ടു എന്ന വചനം അയാള്‍ക്കു വേണ്ടി മാത്രമല്ല നമുക്കുവേണ്ടിയും കൂടിയാണ്. മരിച്ചവരില്‍ നിന്ന് നമ്മുടെ കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും ഇതു കണക്കാക്കപ്പെടും. യേശു നമ്മുടെ അതിക്രമങ്ങള്‍ മൂലം ബന്ധിക്കപ്പെടുകയും നീതികരണത്തിന്നായി ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു.

പൗലോസിന്റെ റോമന്‍ ലേഖനത്തിലെ അടിസ്ഥാന ചിന്താധാര മനുഷ്യന്‍ ദൈവമുമ്പാകെ നീതീകരിക്കപ്പെടുന്നത് അവന്റെ പ്രവ്യത്തികള്‍കൊണ്ടും അനുഷ്ഠാനങ്ങള്‍ കൊണ്ടുമല്ലെന്നും പ്രത്യുത അതു സാധിക്കുന്നത് വ്ശ്വാസം കൊണ്ടാണെന്നും ഉള്ളതാണ്. മനുഷ്യനു ലഭിക്കുന്ന നീതീകരണം സൗജന്യമായി ദൈവം നല്‍കുന്നതാണ്. അവന്റെ എന്തെങ്കിലും കര്‍മങ്ങള്‍കൊണ്ടല്ല, പ്രവ്യത്തികള്‍ കൊണ്ടുമല്ല..

യഹൂദമതം മാത്രമല്ല, മറ്റെല്ലാ മതങ്ങളും ദൈവത്തിന്റെ മുമ്പില്‍ മനുഷ്യന്‍ പാപരഹിതനായി കണക്കാക്കപ്പെടുന്നത് അവന്റെ അനുഷ്ഠാനങ്ങള്‍കൊണ്ടും  കര്‍മങ്ങള്‍കൊണ്ടുമാണെന്ന് വിശ്വസിച്ചുപോരുന്നു. മനുഷ്യന്റെ സല്‍ക്കര്‍മങ്ങള്‍ ദൈവത്തെ പ്രീണിപ്പിക്കുമെന്നും അവ അങ്ങിനെ അവന്റെ ദുഷ്‌ക്കര്‍മങ്ങള്‍ക്ക് പരിഹാരമായിത്തീരുമെന്നും ഈ മതങ്ങള്‍ പഠിപ്പിക്കുന്നു. അങ്ങനെ ഓരോ മതങ്ങളും ദൈവപ്രീണനത്തിനുള്ള സല്‍ക്കര്‍മങ്ങളുടെ ലിസ്റ്റുകള്‍ തയ്യാറാക്കുന്നതിലും അവ പുതുക്കുന്നതിലും വ്യാപ്യതരാകുന്നു.

ഓരോ സല്‍ക്കര്‍മങ്ങളിലൂടെയും മനുഷ്യന്‍ നേടുന്ന പാപവിമോചനത്തിന്നു കണക്കു നിശ്ചയിക്കുന്നതു പുരോഹിതരായിരിക്കും. കാശിക്ക് തീര്‍ഥയാത്ര പോയി ഗംഗയില്‍ സ്‌നാനം നടത്തിയാല്‍ മനുഷ്യാത്മാവില്‍ പതിച്ച പാപം പൂര്‍ണമായും നീങ്ങുമെന്നു ഹൈന്ദവര്‍ വിശ്വസിക്കുന്നു. മക്കയിലേക്കുള്ള തീര്‍ഥയാത്ര പുണ്യകര്‍മമായി മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. ചില പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെ#ാല്ലിയാല്‍ മുന്നൂറു ദിവസത്തെയും ഒരു കൊല്ലത്തേയും ദണ്ഡനത്തില്‍ നിന്ന് മനുഷ്യാത്മാവ് രക്ഷ നേടുമെന്ന് കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ബുദ്ധമതമാകട്ടെ അഷട്മാര്‍ഗങ്ങള്‍ സ്വീകരിച്ച് അനുഷഠിച്ചാല്‍ നിര്‍വാണം നേടാമെന്നു പഠിപ്പിക്കുന്നു. ശ്രിരത്‌നങ്ങളുടെ ആചരണം സംസാരസാഗരത്തില്‍ നിന്നു കര്‍മത്തെ വിമോചിപ്പിക്കുമെന്നു ജൈനമതം വിശ്വസിക്കുന്നു.

എന്നാല്‍ വിശ്വാസം മാത്രമായിരുന്നു അബ്രാഹാമിനു ദൈവതിരുമുമ്പാകെ നീതീകരണത്തിന് കാരണമായത് എന്ന് പൗലോസ് സ്ഥാപിക്കുന്നു. അബ്രഹാമിന്റെ വിശ്വാസം അയാളെ നീതീകരിച്ചെന്നും അയാളെ അംഗീകരിക്കുന്ന ഏവര്‍ക്കും വിശ്വാസത്തിലൂടെ നീതീകരണം ലഭിക്കും എന്നുമാണ് പൗലോസ് പഠിപ്പിക്കുന്നത്.

ക്രിസ്തുവിനു ശേഷം വിശ്വാസം ക്രിസ്തുവിലുള്ള രക്ഷണീയകര്‍മത്തില്‍ കയ്യൂന്നി നില്‍ക്കുന്നു. യഹൂദമതവിശ്വാസമനുസരിച്ച് (പഞ്ചഗ്രന്ഥി) ഓരോരുത്തരം പാപങ്ങളില്‍ നിന്നും നീതികരിക്കപ്പെടുവാന്‍ കാളക്കുട്ടികളെ ബലി കഴിക്കേണ്ടത് ആവശ്യമായിരുന്നു. ക്രിസ്തുവിന്റെ കുരിശിലെ ബലി മനുഷ്യരുടെ നീതികരണത്തിനു വേണ്ടിയുള്ളതായിരുന്നു. ക്രിസതുവിന്റെ ബലിയോടുകൂടി വേറെ#ാരു ബലിയുടെ ആവശ്യമില്ലാത്തവിധം മനുഷ്യന്‍ നീതികരണത്തിന് അര്‍ഹനായി. നീതികരണത്തില്‍ നിന്നും ലഭ്യമാകുന്ന ദൈവവരപ്രസാദം യേശുവിലുള്ളവിശ്വാസത്തിലൂടെ മനുഷ്യന്നു ലഭ്യമാകുന്നു. ഈ ആശയം തന്നെ എബ്രായലേഖനത്തില്‍ പൗലോസ് ആവര്‍ത്തിക്കുന്നുണ്ട്. നിയമപ്രകാരം അര്‍പ്പിക്കപ്പെടുന്ന ബലികളും വഴിപാടുകളും ഹോമബലികളും പാപബലികളും നീ ആഗ്രഹിക്കയോ അവയില്‍ പ്രസാദിക്കയോ ചെയ്തില്ല എന്ന് പറഞ്ഞിട്ട് അവന്‍ തുടരുന്നു. നിന്റെ തിരുഹിതം നിറവേറ്റാന്‍ ഇതാ ഞാന്‍ എത്തിയിരിക്കുന്നു. രണ്ടാമത്തേതു സ്ഥാപിക്കാന്‍ ഒന്നാമത്തേതു അവന്‍ നീക്കിക്കളയുന്നു. ആ തിരുഹിതത്താല്‍ യേശുക്രിസ്തുവിന്റെ ശരീരം എന്നന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിക്കട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. (എബ്രാ.1.8-10).

എബ്രായ ലേഖനം തുടരുന്നു. സത്യത്തിന്റെ അറിവു ലഭിച്ചശേഷം നാം മനപ്പൂര്‍വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനിയൊരു ബലിയില്ല. (എബ്രാ. 10. 26).

യെശുവിന്റെ ജീവാര്‍പ്പണം മനുഷ്യപാപങ്ങള്‍ക്കുവേണ്ടിയുള്ള സമ്പൂര്‍ണബലിയായിരുന്നു. അല്ലെങ്കില്‍ യഹൂദനിയമം അനുസരിച്ചുള്ള എല്ലാ ബലികളുടെയും ആവശ്യം ക്രിസ്തുവിന്റെ പരമബലിയിലൂടെ ഇനി അങ്ങോട്ട് നിരോധിക്കപ്പെട്ടിരിക്കുന്നു.

അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് സംഭവിക്കാന്‍ അസാധ്യമായത് സംഭവിക്കുമെന്ന് – വന്ധ്യയായ സാറ പ്രസവിക്കുമെന്ന് – പ്രതീക്ഷിച്ചു. പൂര്‍ണമായും വിശ്വസിച്ചു.അതുപോലെ പാപികളായ നാം ദൈവതിരുമുമ്പാകെ എത്രമാത്രം അനര്‍ഹരായിരുന്നാലും ക്രിസ്തുവിലും അവന്റെ രക്ഷണീയ ബലിയിലും വിശ്വസിച്ചാല്‍ ആ വിശ്വാസം നമുക്കു നീതികരണമായി കണക്കാക്കപ്പെടും എന്നാണ് പൗലോസ് ഉറപ്പിച്ചു പറയുന്നത്.

മതതത്ത്വങ്ങളില്‍ വിപ്ലവകരമായ ഒരു കൈയൂന്നലാണ് പൗലോസ് ഇവിടെ ആവിഷ്‌ക്കരിക്കുന്നത്. ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു.അവനില്‍ നിന്നും ദൈവം ബലികളും വഴിപാടുകളും കര്‍മാനുഷ്ഠാനുങ്ങളും പ്രീക്ഷിക്കുന്നില്ല. അവന്‍ തന്റെ കര്‍മം കൊണ്ട് ദൈവത്തില്‍ നിന്നും അകന്നുപോയാലും ദൈവം അവനെ സ്‌നേഹിക്കുന്നു. അവന്റെ പാപങ്ങള്‍ക്ക്  അവന്‍ ബലി നല്‍കേണ്ടതില്ല. അവന്റെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ബലി തന്റെ ഏകജാതനായ ക്രിസ്തുവിന്റെ പരമബലിയിലൂടെ സാധിച്ചിരിക്കുന്നു. പാപത്തിനു പൂര്‍ണമായ പരിഹാരവും നേടിത്തന്നിരിക്കുന്നു. യേശുവിന്റെ ഈ രക്ഷണീയ കര്‍മത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നവര്‍ക്ക് നീതീകരണം വരദാനമായി കിട്ടുന്നു. ഈ വരദാനത്തിന്റെ ശ്രോതസ്സ് ദൈവത്തിന്റെ സ്‌നേഹമാണ്. മനുഷ്യന്‍ അതു കര്‍മങ്ങള്‍ കൊണ്ടു നേടിയെടുക്കുന്നതല്ല. വിശ്വാസം കൊണ്ട്  അര്‍ഹതപ്പെടുന്നതാണ്

അപ്പോള്‍ വിശ്വാസം സംജാതമാകുംവരെ നാമെല്ലാവരും നിയമത്തിന്റെ തടവിലായിരുന്നു. വിശ്വാസം വെളിപ്പെടുംവരെ ബന്ധനത്തിലായിരുന്നു. നാമെല്ലാവരും വിശ്വാസത്താല്‍ നീതികരിക്കപ്പെടേണ്ടതിന്നു ക്രിസ്തുവിന്റെ ആഗമനം വരെ നിയമം നമ്മുടെ സംരക്ഷകനായിരുന്നു. ഇപ്പോള്‍ വിശ്വാസം വന്നെത്തിയിരിക്കുന്നു. ഇനി നാം സംരക്ഷകന്റെ കീഴിലല്ല. ക്രിസ്തുയേശുവിലുള്ള വിശ്വാസത്താല്‍ നിങ്ങളെല്ലാവരും ദൈവപുത്രരായിത്തീര്‍ന്നിരിക്കുന്നു. ക്രിസ്തുവില്‍ സ്‌നാപനമേറ്റ് നിങ്ങളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ ഭേദം ഇല്ല. നിങ്ങളെല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നാണ്. നിങ്ങള്‍ ക്രിസ്തുവിന്റേതാണെങ്കില്‍ അബ്രാഹാമിന്റെ സന്തതികള്‍തന്നെ. വാഗ്ദാനമനുസരിച്ചുള്ള അവകാശികള്‍. (ഗലാ. 3: 23-29).

 

Categories: Article