അങ്കമാലി ആശുപത്രി പ്രശ്‌നത്തെക്കുറിച്ച് ഒരു തുറന്ന കത്തും മറുപടിയും I

(താഴെ തന്നിരിക്കുന്ന കത്ത് ശ്രി. പോളച്ചന്‍ പുതുപ്പാറ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ , അങ്കമാലി അയച്ചുതന്നതാണ്. എറണാകുളം രൂപതാധ്യക്ഷന് ഞാന്‍ അയച്ചുകൊടുത്ത കത്ത് ഓശാനയില്‍ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തന്നെ ഈ കത്ത് എനിക്ക് ലഭിച്ചു. കത്തിന്റെ തീയതി 28-8-84. ഈ കത്തില്‍ ഉന്നയിച്ചിരുന്ന പ്രശ്‌നങ്ങള്‍ക്കുള്ള എന്റെ വിശദീകരണം കത്തിനു താഴെ കൊടുക്കുന്നു. )

സര്‍,

താങ്കള്‍ 17-8-84 – ല്‍ അങ്കമാലി എല്‍. എഫ് ആശുപത്രിയിലെ ബിരുദാനന്തര നേത്ര ചികിത്സാ കോഴ്‌സിനെപറ്റി അഭിവന്ദ്യനായ എറണാകുളം അതിരൂപതാ വികാരി അപ്പസ്‌തോലിക്കാ മങ്കുഴിക്കരി പിതാവിനെഴുതിയ കത്ത് വായിക്കാനിടയായി. ആ കത്ത് താങ്കള്‍ ഒരു പ്രചാരണായുധമായി മാറ്റിയിരിക്കുന്ന സാഹചര്യത്തില്‍ അതിനു മറുപടി പറയുന്ന ഈ കത്തും പ്രചാരണത്തിന്  ഉപയോഗിച്ചാല്‍ പരിഭവിക്കുകയില്ലെന്ന് കരുതുന്നു.

മെഡിക്കല്‍ വിദ്യാര്‍ഥികളും അധ്യാപകരും പൊതുജനങ്ങളും  ആവശ്യമില്ലെന്നു പറയുന്ന ഈ  ബിരുദാനന്തര കോഴ്‌സ് ഉപേക്ഷിക്കാനാണല്ലോ താങ്കള്‍ കൊച്ചുപിതാവിനെ ഉപദേശിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എതിര്‍പ്പിന്റെ പിറകില്‍ പതിയിരിക്കുന്ന നിക്ഷിപ്ത താല്പര്യം പുലിക്കുന്നേലിന് അറിയില്ലേ ? ജാതിയില്‍ ഹിന്ദുവും സാഹിത്യത്തില്‍ അത്യന്താധുനികനുമായ ശ്രി. എം. പി നാരായണപിള്ള ആഗസ്റ്റ് 5-ന് കലാകൗമുദി വാരികയില്‍ സമരക്കാരുടെ മുഖംമൂടി പിച്ചിചീന്തിക്കൊണ്ട് ഇങ്ങനെ എഴുതി. വജ്രത്തിന് ക്യാരറ്റിന് അയ്യായിരം രൂപ ഉണ്ടാകാന്‍ കാരണം ബോധപൂര്‍വം അതിന്റെ സപ്ലേ നിയന്ത്രിക്കുന്നതുകൊണ്ടാണ്.അതുപോലെ അലോപ്പതിക്കാരുടെ വിലയും പ്രാക്ടീസ് ചെയ്യുന്നവരുടെ സംഖ്യ നിയന്ത്രിക്കുന്നവരിലാണ് കിടക്കുന്നത്. അത് ഡോക്ടര്‍മാര്‍ക്ക് അസ്സലായിട്ട് അറിയാം. എല്ലാക്കാലത്തും അലോപ്പതിക്കാരുടെ സംഘടിതമായ പ്രവര്‍ത്തനമെന്നും ഡോക്ടര്‍മാരുടെ സംഖ്യ കുറച്ചുനിര്‍ത്താനായിരുന്നു. ഇവിടെ മാത്രമല്ല, ലോകം മുഴുവന്‍.

തങ്ങളുടെ സംഖ്യ ചുരുക്കുന്നതിലൂടെയാണ് ഡോക്ടര്‍മാര്‍ അവരുടെ ഉയര്‍ന്ന വരുമാനം പരിരക്ഷിക്കുന്നത്. അതിലൊരു ഭാഗമാണ് സ്വകാര്യമേഖലയിലെ മെഡിക്കല്‍കോളേജുകള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ മുതല്‍ കേരള മെഡിക്കോസ് വരെ സമരം ചെയ്യുന്നത്. ഞങ്ങള്‍ സ്വകാര്യമേഖലയ്ക്കു മാത്രമാണെതിര്‍പ്പെന്ന് അവര്‍ പറയുന്നു. അതാണ് അതിബുദ്ധി. അവര്‍ക്കറിയാം അനേകം മെഡിക്കല്‍കോളേജുകള്‍ തുറക്കാനുള്ള പണമോ ചുറ്റുപാടോ സര്‍ക്കാരിനുണ്ടാകാന്‍ പോകുന്നില്ല. അതുകൊണ്ട്  സ്വകാര്യമേഖലയെ ഒതുക്കിയാല്‍ പേടിക്കാനില്ലല്ലോ.

പൊതുജനങ്ങളും സാംസ്‌കാരിക നായകന്മാരും ഇ#ൗ പ്രശ്‌നത്തില്‍ സഭയ്‌ക്കെതിരാണെന്ന് ശ്രി. പുലിക്കുന്നേല്‍ കണ്ടു പിടിച്ചിരിക്കുന്നു.സ്വകാര്യമേഖലയില്‍ മെഡിക്കല്‍കോളേജ് ആകാമോ എന്ന വിഷയത്തില്‍ പത്രപംക്തികളിലൂടെ നിരവധി പേര്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയുണ്ടായി. എം. പി നാരായണപിള്ളയെപോലുള്ള ആധുനിക എഴുത്തുകാരും ഫാദര്‍ വടക്കനെപോലുള്ള വിപ്ലവകാരികളും പ്രഗത്ഭരും പ്രശസ്തരുമായ നിരവധി ഭിഷഗ്വരന്മാരും സ്വകാര്യമേഖലയ്ക്കുവേണ്ടി ശക്തമായി വാദിക്കുകയുണ്ടായി. ഇവരൊന്നും   താങ്കളുടെ ദ്യഷ്ടിയില്‍ പൊതുജനമല്ലായിരിക്കും. അവരെ കാണാനുള്ള കണ്ണ് താങ്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

സ്വകാര്യമേഖലയെ അടിമുടി എത്ര്‍ക്കുന്നകുറെ വിപ്ലവ വായാടികളും പണക്കൊതിയന്‍മാരായകുറെ സര്‍ക്കാര്‍ ഡോക്ടര്‍മാരും ബോധപൂര്‍വം അഴിച്ചുവിട്ട ഒരു പ്രചാരണ നാടകമാണ് ഇവിടെ അരങ്ങേറിയത്. നാളെ അങ്കമാലിക്ക് ഈ ബിരുദാനന്തരകോഴ്‌സ് നഷ്ടപ്പെട്ടേക്കാം. ഈ നാടിന്റെ നഷ്ടവും ദു:ഖവും ആരറിയുന്നു?

അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഈ നേത്രചികിത്സാകേന്ദ്രത്തിലേക്ക് ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ നിത്യേന പ്രകാശം തേടി വരുന്നു. ഈ സ്ഥാപനത്തിനെതിരേ പ്രസ്താവന നടത്തിയ പല സാംസ്‌കാരിക നായകന്മാരും ഈ ആശുപത്രിയിലെ കണ്ണട ധരിക്കുന്നവരാണെന്നസത്യം താങ്കള്‍ക്കറിയുമോ? സമുദായത്തെ ദ്രോഹിക്കാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന എല്ലാ ശക്തികളും ഈ നിര്‍ണായക നിമിഷത്തില്‍ ഒത്തുകൂടി. താങ്കളെപോലുള്ള ചില ബുദ്ധിജീവികള്‍ അവര്‍ക്ക് ഓശാന പാടുന്നു.

അഴിമതിയുടെയും നിരുത്തരവാദിത്വത്തിന്റെയും ചെളിയില്‍ മുങ്ങി ദുര്‍ഗന്ധം വമിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ആശുപത്രികളും ജനങ്ങള്‍ക്ക് എത്രയോ പ്രിയങ്കരമാണ് ? ! അതുകൊണ്ടാണല്ലോ ഇന്ന് സര്‍ക്കാര്‍ ആശുപത്രികള്‍ ഭിക്ഷക്കാരുടെ മാത്രം അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സ്വകാര്യ ആശുപത്രികളെ കുറ്റം പറയുന്നത് വേശ്യയുടെ ചാരിത്ര്യപ്രസംഗംപോലെ അപഹാസ്യമാണ്.

സഭ നടത്തുന്ന ആശുപത്രികള്‍ ധനസമ്പാദനത്തിനുള്ള മാര്‍ഗങ്ങളായി മാറിയിരിക്കുന്നു എന്നാണ് ശ്രി. പുലിക്കുന്നേലിന്റെ ഒരാരോപണം. സമര്‍പ്പിതജീവിതം നയിക്കുന്ന നമ്മുടെ സഹോദരികള്‍ തുച്ഛമായ വേതനം മാത്രം പറ്റി നടത്തുന്നവയാണ് നമ്മുടെ മിക്കവാറും മിഷന്‍ ആശുപത്രികള്‍. സ്വകാര്യ നഴ്‌സിംഗ് ഹോമുകളും മിഷനാശുപത്രികളും തമ്മില്‍ ചികിത്സാച്ചെലവിന്റെ കാര്യത്തില്‍ ഭീമമായ അന്തരം ഉണ്ടാകാന്‍ കാരണം ഇതാണ്. രോഗിയുടെ സാമ്പത്തികശക്തിയനുസരിച്ചായിരിക്കും മിഷനാശുപത്രികളില്‍ മിക്കവാരും ബില്ലു നല്‍കുന്നത്.

35 വര്‍ഷം മുമ്പ് ഒരു കൊച്ചുമുറിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അങ്കമാലിയിലെ എല്‍. എഫ് ആശുപത്രി ഇന്ന് ഒരു മഹാസ്ഥാപനമായി വളര്‍ന്നതിന്റെ പിന്നില്‍ ത്യാഗമതികളായ അനേകം സന്യാസിമാരുടെയും ഡോക്ടര്‍മാരുടെയും വിദേശരാജ്യങ്ങളിലെ ഉദാരമതികളായ അനേകം  മഹാമനസ്‌കരുടെയും രക്തവും വിയര്‍പ്പുമാണുള്ളത്. ഈ  സ്ഥാപനത്തില്‍ നിന്ന് ആശ്വാസവും വെളിച്ചവും കിട്ടി ക്യതജ്ഞാദരങ്ങളോടെ കടന്നുപോകുന്ന അനേകായിരങ്ങളുണ്ട്. പക്ഷേ അവര്‍ തെരുവിലിറങ്ങി പട്ടികളെപോല കുരയ്ക്കാത്തതുകൊണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

കേരളത്തിലെ ജനങ്ങള്‍ക്ക് വിദഗ്ധമായ ചികിത്സയും സ്‌നേഹപൂര്‍ണമായ പരിചരണവും കിട്ടാന്‍ ഇനിയും മിഷനാശുപത്രികളും സ്വകാര്യ മെഡിക്കല്‍കോളേജുകളും ഉണ്ടായേ തീരൂ.സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രചാരണതന്ത്രങ്ങളില്‍ ശ്രി. പുലിക്കുന്നേലിനെപോലുള്ള ഒരു ബുദ്ധിജീവി കോടാലിക്കൈ ആയി മാറിയത് ഖേദകരമായിപോയി. മി. പുലിക്കുന്നേല്‍ , നിങ്ങളുടെ ഓശാന മാസികയും അല്‍മായ അസ്സോസിയേഷനും ഒരു കാലത്ത് എന്നില്‍ വലിയ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. തീക്ഷണവും സത്യസന്ധവുമായ വിമര്‍ശനത്തിലൂടെ നിങ്ങള്‍ കേരളസഭയിലൊരു നവോത്ഥാനത്തിന് നേത്യത്വം കൊടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. ആ സ്വപ്നം ഇപ്പോള്‍ മങ്ങിത്തുടങ്ങിയിരിക്കുന്നു. അതിശയോക്തി കലര്‍ത്തിയ കുറ്റാരോപണങ്ങളിലൂടെ വ്യക്തികളെയും സ്ഥാപനങ്ങളെയും തോജോവധം ചെയ്ത് സംത്യപ്തിയടയലാണ് താങ്കളുടെ ഹോബി. അമ്മയെ തല്ലിയാലും രണ്ടു പക്ഷം ഉണ്ടാകുമല്ലോ. നിങ്ങള്‍ എപ്പോഴും അമ്മയെ തല്ലിയവന്റെ പക്ഷത്തായിരിക്കും. ഒരു പ്രൈവറ്റ് കോളേജ് അധ്യാപകനെന്ന നിലയില്‍ സി. എം. ഐ സഭാ മാനേജുമെന്റില്‍ നിന്നും കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ള താങ്കള്‍ക്ക് മനസ്സിന്റെ സംത്യപ്തിക്ക് ഇത്തരം അഭ്യാസങ്ങള്‍ ആവശ്യമായിരിക്കാം. തെറ്റ് തിരുക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്

സ്‌നേഹപൂര്‍വം

പോളച്ചന്‍ പുതുപ്പാറ, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ അങ്കമാലി.

മറുപടി

ഞാന്‍ മെത്രാന് എഴുതിയിരുന്ന കത്ത് പോളച്ചന്‍ സശ്രദ്ധം വായിച്ചെന്ന് തോന്നുന്നില്ല. സാധാരണ ഇത്തരം പ്രശ്‌നങ്ങളില്‍ ആദ്യം ഉയരുന്ന വികാരമാണ് അദ്ദേഹത്തെയും നയിച്ചതെന്നു തോന്നുന്നു.

ഞാന്‍ എന്റെ കത്തില്‍ ഉന്നയിച്ചിരുന്ന പ്രശ്‌നം താഴെ പറയുന്നതാണ്. (ഓശാന സെപ്റ്റംബര്‍ ലക്കം)ഒരു കാലത്ത് സ്വകാര്യ വിദ്യാലയങ്ങളെ സ്വാഗതം ചെയ്തിരുന്നവര്‍ ഇന്ന് എന്തുകൊണ്ട് എതിര്‍ക്കുന്നു. ? അതിന്റെ അടിസ്ഥാനകാരണം എന്താണ്? ഒരുപക്ഷേ അങ്കമാലി ആശുപത്രിയില്‍ ബിരുദാനന്തരപഠനസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിനെ എതിര്‍ത്തത്  സ്ഥാപിത താല്പര്യക്കാരും വിപ്ലവവായാടികളുമായിരിക്കാം. എന്നാല്‍ അവരുടെ സ്വാര്‍ഥപരമായ സാമൂഹ്യലക്ഷ്യങ്ങള്‍ (ഞാന്‍ അങ്ങനെ തന്നെ പറയട്ടെ) നേടിയെടുക്കാനും സമരത്തിന് ബഹുജന പിന്തുണ ആര്‍ജിക്കാനും ഉണ്ടായ സാമൂഹ്യകാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയുമാണ് ചിന്തിക്കുന്ന ക്രൈസ്തവര്‍ ചെയ്യേണ്ടത്.

(തുടരും)

ഓശാന ഒക്ടോബര്‍ 1984

Categories: Article