വിമോചനദൈവശാസ്ത്രം മറന്നുപോകുന്ന വസ്തുതകള്‍ I

‘സത്യദീപ’ത്തില്‍ (ജനുവരി 9) വിമോചനദൈവശാസ്ത്രത്തെക്കുറിച്ച് വിമര്‍ശിച്ചു കൊണ്ട് രണ്ടു ലേഖനങ്ങള്‍ (ഫാ. അടപ്പൂരിന്റെയും ഫാ. വടക്കുംപാടന്റെയും) പ്രസിദ്ധീകരിച്ചിരുന്നു. വിമോചനദൈവശാസ്ത്രം ഊതിയുണര്‍ത്തിയ ധര്‍മപ്രശ്‌നത്തെ പൂര്‍ണമായും അവഗണിച്ചുകൊണ്ട് ലേഖകര്‍ വിമോചനദൈവശാസ്ത്രത്തിന്റെ മാര്‍ക്‌സിസ്റ്റ് ആഭിമുഖ്യത്തെ കടന്നാക്രമിക്കയാണു ചെയ്തത്.

സഭ കേരളത്തില്‍ ആരോടൊപ്പം ഇന്നു നില്‍ക്കുന്നു എന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം ഇവര്‍ നല്‍കുന്നില്ല. ഇന്ന് സമ്പന്നരെന്നും ദരിദ്രരെന്നും രണ്ടു വിഭാഗം എല്ലാ മൂന്നാം രാഷ്ട്രങ്ങളിലുമുണ്ട്. ഇങ്ങനെ സമ്പന്നരും ദരിദ്രരും എന്ന ഈ വിഭജനം ഒരു യാഥാര്‍ഥ്യമാണെങ്കില്‍ ഈ യാഥാര്‍ഥ്യം ക്രൈസ്തവധര്‍മദൃഷ്ടിയില്‍ സാധൂകരിക്കപ്പെടാമോ? ഫാ. അടപ്പൂര്‍ പറയുന്നു. ”ക്രൈസ്തവജീവിതമെന്നാല്‍ മരണാനന്തര സൗഭാഗ്യത്തിനായുള്ള അലസമായ കാത്തിരിപ്പല്ല, തീര്‍ച്ച. യേശുവിന്ന് പാവങ്ങളോടുള്ള സവിശേഷമായ ആഭിമുഖ്യം സുവിദിതമാണ്. അതില്‍ പങ്കാളിയാകാന്‍ വിസമ്മതിക്കുന്നവന്‍ ക്രിസ്ത്യാനിയല്ല. സാമൂഹികരംഗത്ത് ക്രൈസ്തവര്‍ക്കുള്ള ദൗത്യം വെറും ജീവകാരുണ്യപ്രവൃത്തികളില്‍ ഒതുക്കാനാവില്ലെന്നതും തീര്‍ച്ച. സമൂഹത്തിലെ കടുത്ത ദാരിദ്ര്യം, ദരിദ്രരും സമ്പന്നരും തമ്മിലുള്ള വിടവ്, വ്യവസായ വ്യാപാര രംഗങ്ങളിലും പൊതുജീവിതത്തിലും നടമാടുന്ന അഴിമതി ഇത്യാദി എത്രയോ തിന്മകള്‍ ഇടകലര്‍ന്നതാണ് ജനജീവിതം.”

ഈ സാമൂഹ്യതിന്മകള്‍ക്ക് എന്താണ് സഭയുടെ പരിഹാരം? ലത്തീന്‍ അമേരിക്കയില്‍ 96 ശതമാനം ജനങ്ങളും കത്തോലിക്കരാണ്. എന്നിട്ടും ഇന്നും ദാരിദ്ര്യം നിലനില്‍ക്കുന്നു. ഈ ദാരിദ്ര്യത്തിന്റെ കാരണം ആ രാഷ്ട്രങ്ങളിലെ സമ്പത്ത് യൂറോപ്പിലെ ക്രിസ്ത്യന്‍ രാഷ്ട്രങ്ങള്‍ ചൂഷണം ചെയ്തതാണ്. ഭരണകൂടവും സമ്പന്നവര്‍ഗവും കൊളോണിയല്‍ രാഷ്ട്രങ്ങളും ആ ജനങ്ങളെ ചൂഷണം ചെയ്തപ്പോള്‍ സഭാധികാരം ആരുടെ കൂടെ നിന്നു? ചൂഷകരുടെകൂടെയല്ലേ? അപ്പോള്‍ ഫാ. അടപ്പൂരിന്റെ നിര്‍വ്വചനമനുസരിച്ചുതന്നെ ലത്തീന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ സഭാധികാരം ക്രൈസ്തവമായിരുന്നില്ല, ക്രൈസ്തവരായിരുന്നില്ല.

എന്തിന് ലത്തീന്‍ അമേരിക്കയിലേക്ക് പോകണം? കേരളം തന്നെ എടുക്കാം. ഉദാഹരണമായി. ഇവിടെ സഭാധികാരം ആരുടെ പക്ഷത്താണ്, ഇന്നും എന്നും, വര്‍ഗപരമായി, ആശയതലത്തില്‍?

വര്‍ഗപരമായി എവിടെ നില്‍ക്കുന്നു?

  1. എസ്റ്റേറ്റുകള്‍

ഒരു കാര്‍ഷിക ഭൂവ്യവസ്ഥയില്‍ സമ്പത്തിന്റെ സാമൂഹ്യമൂര്‍ത്തഭാവം എസ്റ്റേറ്റുകളുടെ വിസ്ത്യതിയിലാണ്. കേരളത്തിലെ രൂപതകള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും വന്‍പിച്ച എസ്റ്റേറ്റുകള്‍ സ്വന്തമായിട്ടുണ്ട്. തന്മൂലം വര്‍ഗപരമായി എസ്റ്ററ്റ് ഉടമകളുടെ താത്പര്യത്തോടൊപ്പം നില്‍ക്കാനേ സഭാധികാരത്തിനു കഴിയൂ.

  1. ബിസിനസ്സ്

ഒരു മുതലാളിത്ത കച്ചവട സാമ്പത്തികവ്യവസ്ഥയില്‍ സമ്പത്തിന്റെ മൂര്‍ത്തരൂപം വ്യവസായങ്ങളിലും നഗരസ്വത്തിലുമാണ് ദര്‍ശിക്കാറ്. പല രൂപതകള്‍ക്കും സന്ന്യാസാശ്രമങ്ങള്‍ക്കും കേരളത്തിലെ നഗരങ്ങളില്‍ വന്‍പിച്ച കച്ചവട കോംപ്ലക്‌സുകളുണ്ട്. എറണാകുളം ടൗണില്‍ ഏറ്റവും സമ്പന്നന്മാര്‍ കര്‍മ്മലീത്താ ദാരിദ്ര്യസഭക്കാരാണ്. തിരുവനന്തപുരത്ത് മാര്‍ഗ്രിഗോറിയോസ് വമ്പിച്ച കച്ചവട കോംപ്ലക്‌സ് ആരാധനാലയത്തിനും സ്വന്തം വസതിക്കും സമീപം കെട്ടിപ്പൊക്കിയിരിക്കുന്നു. ആലുവായില്‍ സി. എം. ഐ. സഭയ്ക്കും ഉണ്ട്, കച്ചവടകോംപ്ലക്‌സുകള്‍.

ആശുപത്രി ഉടമകള്‍ എന്ന നിലയില്‍,  വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമ എന്ന നിലയില്‍, പ്രസ്സുകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉടമ എന്ന നിലയില്‍, ഉള്ളവരും ഇല്ലാത്തവരും എന്ന സാമൂഹികവിഭജനത്തില്‍ സഭ ഉള്ളവന്റെ വര്‍ഗത്തോടൊപ്പമാണ് നില്‍ക്കുന്നത്. പകിടി വാങ്ങുന്നത് പരിശുദ്ധമായി കരുതുന്ന വിദ്യാഭ്യാസമേഖലയില്‍ മാനേജര്‍മാരുടെ അവകാശസംരക്ഷണത്തിലല്ലേ സഭാധികാരത്തിന്റെ താത്പര്യം? എന്തിന്, റബ്ബര്‍ നഴ്‌സറികള്‍ വരെ നടത്തി പണമുണ്ടാക്കാന്‍ സഭ മടിക്കുന്നില്ല. (ഉദാഹരണം മാന്നാനം കൊവേന്തയിലെ ചാവറ നഴ്‌സറി.).

അങ്ങനെ വര്‍ഗപരമായി ഉള്ളവരോടൊപ്പമാണ് സഭ ഇന്ന് കേരളത്തില്‍ നില്‍ക്കുന്നത്, ലോകത്തില്‍ നില്‍ക്കുന്നത്.

(തുടരും)

 

Categories: Article