പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം (തുടര്‍ച്ച) XXVII

റോമാ 4. 13-16

അബ്രഹാമിനും അയാളുടെ സന്തതികള്‍ക്കും , അവര്‍ക്കു ലോകം അവകാശമാകും എന്നുള്ള വാഗ്ദാനം ലഭിച്ചതു നിയമത്തിലൂടെയല്ല, വിശ്വാസത്താലുള്ള നീതീകരണത്തിലൂടെയാണ്. നിയമത്തെ ആശ്രയിക്കുന്നവരാണ് അവകാശികളെങ്കില്‍ വിശ്വാസം നിഷ്ഫലവും വാഗ്ദാനം വ്യര്‍ഥവുമത്രേ. കാരണം നിയമം ക്രോധം ഉളവാക്കുന്നു. നിയമമില്ലെങ്കില്‍ നിയമലംഘനം ഉണ്ടാകുകയില്ല. അതുകൊണ്ടാണ് വാഗ്ദാനം വിശ്വാസത്തില്‍  ഉറപ്പിച്ചിരിക്കുന്നത്. അങ്ങനെ വാഗ്ദാന പൂര്‍ത്തീകരണം ക്യപയായി ഉണ്ടാകുന്നു. അബ്രഹാമിന്റെ എല്ലാ സന്തതികള്‍ക്കും അതു ഉറപ്പു വരുത്തപ്പെട്ടിരിക്കുന്നു.നിയമത്തെ ആശ്രയിക്കുന്നവര്‍ക്കു മാത്രമല്ല, അബ്രഹാമിന്റെ വിശ്വാസം പങ്കു വെച്ച എല്ലാവര്‍ക്കും . കാരണം നമ്മുടെ എല്ലാവരുടെയും പിതാവാണ് അദ്ദേഹം. .

ആദിമനുഷ്യന്റെ പാപം മൂലം മനുഷ്യന്‍ ദൈവത്തില്‍ നിന്നും അന്യനാക്കപ്പെട്ടു. അല്ലെങ്കില്‍ ദൈവപ്രസാദം നഷ്ടപ്പെട്ടവനായി. എങ്ങനെ ഈ ദൈവപ്രസാദം വീണ്ടെടുക്കും എന്നത് യഹൂദരുടെ തത്വ ചിന്തയിലെ അതിപ്രധാനമായ പ്രശ്‌നമായിരുന്നു. ദൈവപ്രസാദം വീണ്ടെടുക്കാന്‍ മേശെയുടെ നിയമമനുസരിച്ചുള്ള അനുഷ്ഠാനങ്ങലെയാണ് യഹൂദര്‍ പ്രധാന സ്ഥാനം കെ#ാടുത്ത് ആചരിച്ചുപോന്നത്.

എല്ലാ മതങ്ങളിലും മനുഷ്യന്‍ പാപശക്തിയിന്‍ കീഴാണ് എന്ന വീക്ഷണം നിലനില്‍ക്കുന്നു. അങ്ങനെ പാപശക്തിയിന്‍ കീഴായ മനുഷ്യന്‍ എങ്ങനെ ദൈവത്തിന്റെ മുമ്പില്‍ നീതികരിക്കപ്പെടും? ഹിന്ദുമത വിശ്വാസമനുസരിച്ച് മനുഷ്യന്റെ കര്‍മഫലങ്ങള്‍ ഓരോ മനുഷ്യനും അനുഭവിച്ചേ തീരൂ. പുനര്‍ജന്മത്തിലൂടെയും സല്‍ക്കര്‍മത്തിലൂടെയും കര്‍മം ശുദ്ധമാകുമ്പോള്‍ മാത്രമേ പരമാത്മാവുമായി മനുഷ്യാത്മാവ് സായൂജ്യം പ്രാപിക്കൂ.

വിഹായ കാമാന്‍ യ: സര്‍വാന്‍ പൂമാംശ്ചരതീ നീ : സ്പ്യഹ:

നിര്‍മമോ നിരഹങ്കാര : സ ശാന്തിമധിഗച്ഛതി (ഭഗവദ്ഗീത. അദ്ധ്യാ. 2 .71).

(യാതൊരു പുരുഷന്‍ സകല ഇച്ഛകളെയും ഉപേക്ഷിച്ച് ഒന്നിലുമിച്ഛയില്ലാത്തവനായി അഹങ്കാരരഹിതനായി മമതയില്ലാത്തവനായി ലഞ്ചരിക്കുന്നുവോ അവന്‍ മോക്ഷത്തെ പ്രാപിക്കുന്നു. )പല മതങ്ങളുടെയും തത്വങ്ങളനുസരിച്ച് നിര്‍വാണം മനുഷ്യയത്‌നങ്ങളില്‍ കാലൂന്നി നില്‍ക്കുന്നു. മനുഷ്യന്‍ സ്വന്തം പ്രയത്‌നം കൊണ്ടാണ് ദൈവത്തിന്റെ മുമ്പില്‍ പാപരഹിതനായി തീരേണ്ടത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കര്‍മങ്ങള്‍കൊണ്ടു നേടേണ്ടതാണ് ദൈവപ്രീതി. അനുഷ്ഠാനങ്ങള്‍ കൊണ്ട്  അത് കൈവരുത്തേണ്ടതാണ്. ഈ കര്‍മങ്ങളും അനുഷ്ഠാനങ്ങളും എന്തെന്നു നിര്‍വചിക്കുകയാണ് എല്ലാ മതങ്ങളും ചെയ്യുന്നത്. കര്‍മാനുഷ്ഠാനങ്ങളുടെ നിര്‍വഹണത്തിന് സഹായിക്കുന്നവരാണ് പുരോഹിതന്മാര്‍.

യഹൂദനിയമമനുസരിച്ച് മനുഷ്യന്‍ ദൈവത്തിന്റെ മുന്നില്‍ നീതികരിക്കപ്പെടാനുള്ള കര്‍മവിധികള്‍ മോശെയുടെ നിയമത്തിലുണ്ട്. അതില്‍ പ്രധാനമായത് പരിച്ഛേദനമായിരുന്നു പാപബലി, സമാധാനബലി, വഴിപാടുകള്‍ മുതലായവയും നിയമത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഈ അനുഷ്ഠാനങ്ങള്‍ മനുഷ്യനെ ദൈവത്തിന്റെ മുമ്പില്‍ നീതികരിക്കുമെന്ന് യഹൂദര്‍ വിശ്വസിച്ചുപോന്നു. അതായത് നീതികരണം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യന്‍ സ്വന്തം കര്‍മം കൊണ്ട്‌നേടിയെടുക്കേണ്ടതാണ്.

എന്നാല്‍ ക്രിസ്തുവിന്റെ ആഗമനം ഈ അവസ്ഥ മാറ്റിക്കുറിച്ചു എന്നാണ് പൗലോസ് ഉദ്‌ബോധിപ്പിക്കുന്നത്. ഇതിന് യഹൂദരുടെ പിതാവായ അബ്രാഹാമിന്റെ ചെയ്തികള്‍ സാക്ഷ്യത്തിനായി പൗലോസ് ചൂണ്ടിക്കാട്ടുന്നു. അബ്രാഹാമില്‍ ദൈവം സംപ്രീതനായതും അബ്രാഹാമിന്റെ സന്തതികള്‍ക്ക് ലോകം അവകാശമായി നല്‍കിയതും അബ്രാഹാമിന്റെ പ്രവ്യത്തികളില്‍ സംപ്രീതനായല്ല, പ്രത്യുത അബ്രാഹാമിന്റെ വിശ്വാസം അയാളെ നീതികരിച്ചതുകൊണ്ടാണ്. അബ്രാഹാമിനോടു നല്‍കിയ വാഗ്ദാനം നിയമത്തെ ആശ്രയിച്ചുമാത്രം നേടേണ്ടതാണെങ്കില്‍ വിശ്വാസം അര്‍ഥശൂന്യമായിത്തീരുമല്ലോ? ഈ  ആശയം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് പൗലോസ് ഗലാത്തിയാക്കാര്‍ക്ക് എഴുതി. നിയമാനുഷ്ഠാനങ്ങളെ ആശ്രയിക്കുന്നവരെല്ലാം ശാപഗ്രസ്തരാണ്. കാരണം ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു. നിയമപുസ്തകം നിര്‍ദ്ദേശിക്കുന്ന  സകലതും അനുഷ്ഠിച്ചുകൊണ്ട്,  ഈ അനുഷ്ഠാനത്തില്‍ ഉറച്ചു നില്‍ക്കാത്തവര്‍ ശപിക്കപ്പെട്ടവരാണ്. നിയമം ആരെയും ദൈവസന്നിധിയില്‍ നീതികരിക്കുന്നില്ല എന്നു സ്പഷ്ടമാണ്. (ഗലാ. 3 .10-11).നിയമത്തിന്റെ വള്ളിപുള്ളി തെറ്റാതെ ജീവിക്കുക അസാധ്യമാണ്. അങ്ങനെ സ്വന്തം യത്‌നം കൊണ്ട് ദൈവത്തിന്റെ മുമ്പില്‍ നീതികരിക്കപ്പെട്ടവരാകാന്‍ പരിശ്രമിക്കുന്നവര്‍ പരാജയപ്പെടുകയേ ഉള്ളു. അതുകൊണ്ടാണ് അവര്‍ ശാപഗ്രസ്തരാണ് എന്ന് പൗലോസ് പറയുന്നത്. നിയമലംഘനം ദൈവത്തിന്റെ ക്രോധം ഉളവാക്കുന്നു. നിയമമില്ലെങ്കില്‍ നിയമലംഘനവുമില്ല. ദൈവത്തിന്റെ കോപവുമില്ല. ഇങ്ങനെ ദൈവകോപം ഉജ്ജ്വലിപ്പിക്കുന്നതിന് നിയമ കാരണമാകുമെന്നതിനാലാണ് അബ്രഹാമിന്നു ദൈവം നല്‍കിയ വാഗ്ദാനം വിശ്വാസത്തില്‍ ഉറപ്പിച്ചിരിക്കുന്നത്.

വിശ്വാസം ദൈവത്തിന്റെ ക്യപയ്ക്ക് നിദാനമാകുന്നു. അങ്ങനെ അബ്രാഹാമിന്നു നല്‍കിയ വാഗ്ദാനം ദൈവത്തിന്റെ ക്യപയാലാണ്. മനുഷ്യന്റെ കഴിവുകള്‍ കൊണ്ടും  പ്രയത്‌നങ്ങള്‍കൊണ്ടുമല്ല . വരദാനമായാണ് വിശ്വസിക്കുന്നവരെ ദൈവം നീതീകരിക്കുന്നത്.

അബ്രാഹാമിനു ദാവം നല്‍കിയ വാഗ്ദാനത്തിന്ന് മനുഷ്യരെ അവകാശികളാക്കുന്നത് യഹൂദനിയമത്തിന്റെ അനുഷ്ഠാനങ്ങളല്ല. പ്രത്യുത വിശ്വാസമാണ്.

 

Categories: Article