പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXXI

(5. 18-21).

അങ്ങനെ ഒരു മനുഷ്യന്റെ അതിക്രമം എല്ലാ മനുഷ്യരുടെയും ശിക്ഷാവിധിക്കു കാരണമായതുപോലെ ഒരു മനുഷ്യന്റെ നീതീകരണപ്രവൃത്തി എല്ലാമനുഷ്യര്‍ക്കും ജീവദായകമായ നീതീകരണം നല്‍കുന്നു. ഒരു മനുഷ്യന്റെ അനുസരണക്കേടുമൂലം അനേകര്‍ പാപികളായതുപോലെ ഒരു മനുഷ്യന്റെ അനുസരണം അനേകരെ നീതീകരിക്കും. നിയമം വന്നതോടെ അതിക്രമങ്ങള്‍ വര്‍ധിച്ചു. പാപം വര്‍ധിച്ചപ്പോള്‍ കൃപയും ഏറെ വര്‍ധിച്ചു. പാപം മരണത്തിന്‍ വാഴ്ച നടത്തിയതുപോലെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു വഴിയുള്ള നീതീകരണത്തിലൂടെ നിത്യജീവന്‍ നിലവില്‍ വരുത്താനായി കൃപ വാഴ്ച നടത്തും.

ആദാമിന്റെ അതിക്രമത്തെയും ക്രിസ്തുവിന്റെ രക്ഷണീയകര്‍മത്തെയും പൗലോസ് താരതമ്യപ്പെടുത്തുകയാണ് ഇവിടെ. ആദാമിന്റെ അതിക്രമം എല്ലാ മനുഷ്യര്‍ക്കും ശിക്ഷാവിധിക്കു കാരണമായി. ക്രിസ്തുവിന്റെ നീതീകരണ കര്‍മം എല്ലാ മനുഷ്യര്‍ക്കും ജീവദായകവുമായി. ആദാമിന്റെ അനുസരണക്കേടുമൂലമാണ് പാപം ലോകത്തിലുണ്ടായത്. ദൈവേച്ഛയോട് ക്രിസ്തു കാണിച്ച പൂര്‍ണമായ അനുസരണം മനുഷ്യവര്‍ഗത്തിന്നു നീതീകരണമായിത്തീര്‍ന്നു. പാപം സ്‌നേഹനിധിയായ  ദൈവത്തില്‍ കോപമല്ല ഉജ്ജ്വലിപ്പിച്ചത്. പ്രത്യുത കാരുണ്യമാണ്, കൃപയാണ്.

ഇവിടെ പൗലോസ് യഹൂദചിന്തയില്‍നിന്നു വ്യത്യസ്തമായ ഒരു മുഖമാണ് ദൈവത്തിന്നു കൊടുക്കുന്നത്. ദൈവത്തിന്ന് യഹൂദചിന്തയില്‍ ദൈവം പ്രതികാരകനാണ്. ക്രിസ്തുവിലൂടെ ദൈവം മനുഷ്യവര്‍ഗത്തോടുള്ള സ്‌നേഹത്തിന്റെ അതുല്യമായമുഖം അനാവരണം ചെയ്യുന്നു. മനുഷ്യന്‍ സ്വയം ചെന്നുപെട്ട പാപാന്ധകാരത്തില്‍ നിന്നു ദൈവം തന്നെ അവനെ രക്ഷിക്കുന്നു. ഈ രക്ഷാകര്‍മം ദൈവം അനുഷ്ഠിക്കുന്നത് മനുഷ്യന്റെ എന്തെങ്കിലും പ്രവൃത്തിക്ക് പാരിതോഷികമായിട്ടല്ല. വഴിപാടുകളും ബലികളും ഹോമങ്ങളും അര്‍പ്പണങ്ങളും മൂലം സംപ്രീതനായ ദൈവം അവയ്ക്കു പ്രതിഫലമായിട്ടല്ല മനുഷ്യരക്ഷ സാധിക്കുന്നത്. പ്രത്യുത ദൈവം പ്രതിഫലം ആഗ്രഹിക്കാത്ത തന്റെ സ്‌നേഹംമൂലമാണ് ആ കര്‍മം നിര്‍വഹിക്കുന്നത്.

ഈ ലോകത്തെയും അതിലുള്ള സമസ്ത വസ്തുക്കളെയും മനുഷ്യനെയും ദൈവം സൃഷ്ടിച്ചത് തന്റെ ഇച്ഛ കൊണ്ടാണ്. പരപ്രേരണ കൊണ്ടല്ല. അതുപോലെ മനുഷ്യന്‍ ദൈവത്തോട് അനുസരണക്കേടു കാണിച്ച് പാപശക്തിയിന്‍ കീഴിലായത് അവന്ന് ദൈവം നല്‍കിയ സ്വാതന്ത്ര്യം ഉപയോഗിച്ചാണ്. എന്നാല്‍ ദൈവം വീണ്ടും പാപശക്തിയില്‍നിന്നു മനുഷ്യനെ  വിമോചിപ്പിക്കുന്നത് സ്വഇച്ഛയാലത്രേ.

എബ്രായരുടെ ലേഖനത്തില്‍ പൗലോസ് ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്നു. തന്മൂലം ലോകത്തിലേക്കു വന്നപ്പോള്‍ ക്രിസ്തു അരുള്‍ച്ചെയ്തു. ബലികളും വഴിപാടുകളും  നീ ആഗ്രഹിച്ചില്ല. മറിച്ച് എനിക്കൊരു ശരീരം നീ ഒരുക്കിയിരിക്കുന്നു. ഹോമബലികളിലും പാപബലികളിലും നീ പ്രസാദിച്ചില്ല. അപ്പോള്‍ എന്നെക്കുറിച്ച്  പുസ്തകച്ചുരുളില്‍ എഴുതിയിരിക്കുന്നതുപോലെ ഞാന്‍ പറഞ്ഞു ദൈവമേ, നിന്റെ തിരുഹിതം നിരവേറ്റാന്‍ ഇതാ ഞാന്‍ എത്തിയിരിക്കുന്നു” (എബ്രാ. 10. 6-7). ബലികളിലും വഴിപാടുകളിലും പ്രീണിതനായ ദൈവമല്ല ഈ രക്ഷണീയ കര്‍മത്തിന് യേശുവിനെ നിയോഗിച്ചത്. ക്രിസ്തുവിന്റെ ആഗമനം ദൈവത്തിന്റെ തിരുഹിതം നിറവേറ്റാനായിരുന്നു. ആ തിരുഹിതമാകട്ടെ സ്‌നേഹപ്രചോദിതമായിരുന്നു. ദൈവത്തിന്റെ അതുല്യമായ സ്‌നേഹത്തെയാണ് പൗലോസ് ഇവിടെ സ്ഥാപിക്കാനാഗ്രഹിക്കുന്നത്.

Categories: Article