പൗലോസിന്റെ റോമാക്കാര്‍ക്കുള്ള ലേഖനം XXX

(5. 12-4)

ഒരു മനുഷ്യനിലൂടെ ലോകത്തില്‍ പാപം ഉണ്ടായി. പാപത്തിലൂടെ മരണവും. അപ്രകാരം എല്ലാ മനുഷ്യരും പാപം ചെയ്യുകയാല്‍ മരണം എല്ലാ മനുഷ്യരിലും വ്യാപിച്ചു. നിയമം നല്‍കുന്നതിന്നു മുമ്പു തന്നെ ലോകത്തില്‍ പാപമുണ്ടായിരുന്നു. പക്ഷേ നിയമം ഇല്ലാത്തിടത്തു പാപം കണക്കിലെടുക്കപ്പെട്ടിരുന്നില്ല. ആദാം മുതല്‍ മോശെ വരെയുള്ളവരില്‍ ആദാം ചെയ്തതുപോലുള്ള അതിക്രമങ്ങള്‍ ചെയ്യാതിരുന്നവരിലും മരണം ഭരണം നടത്തി. വരാനിരുന്നവന്റെ ആദിമരൂപമായിരുന്നു ആദാം.

പാപം ലോകത്തില്‍ ഉണ്ടായത് ആദിമനുഷ്യനിലൂടെയാണ്. ദൈവത്തിന്റെ പ്രതിച്ഛായയില്‍ സ്യഷ്ടിക്കപ്പെട്ടിരുന്ന മനുഷ്യന്‍ തന്റെ അനുസരണക്കേടുമൂലം പാപശക്തിക്കു വിധേയനായിത്തീര്‍ന്നു. അതിന്റെ ഫലമായി എല്ലാ മനുഷ്യരിലും പാപം വന്നു ഭവിക്കുകയും എല്ലാവരും മരണവിധേയരാവുകയും ചെയ്തു.

യഹൂദവിശ്വാസമനുസരിച്ച് നിയമങ്ങളുടെ ലംഘനമാണ് പാപം. അപ്പോള്‍ പാപം ലോകത്തില്‍ ആവിര്‍ഭവിച്ചത് ദൈവം ഇസ്രായേലിനു നിയമം നല്‍കിയതിനു ശേഷമാണ്. എന്ന തെറ്റിദ്ധാരണ ഉണ്ടാവാം. പക്ഷേ ഇതു ശരിയല്ല. അതിന്നു മുമ്പും പാപം ഭരണം നടത്തിയിരുന്നു. എല്ലാവരും പാപശക്തിയിന്‍ കീഴിലായിരുന്നതിനാല്‍ എല്ലാവരും മരണാധീനരും ആയിരുന്നു. ആദാമിലൂടെയാണ് ലോകത്തില്‍ ആദിപാപം ഉണ്ടായതെങ്കില്‍ ആദാമിന്നു സദൃശ്യനായ യേശുവിലൂടെ ആ പാപത്തിന്ന് പൂര്‍ണമായ പരിഹാരം കണ്ടെത്തി.

ഇവിടെ പൗലോസ് പാപശക്തിയും പാപമോചനവും രണ്ടു വ്യക്തികളില്‍ ഊന്നി മനുഷ്യവര്‍ഗത്തിന്നു ലഭ്യമാക്കി എന്നു വാദിക്കുന്നു. ആദാമിന്റെ സന്താനങ്ങളായ എല്ലാ മനുഷ്യരും ആദാമിനോടൊപ്പം പാപത്തിന്നു പങ്കാളികളായിത്തീര്‍ന്നു. പാപവിഷയകമായി എല്ലാ മനുഷ്യരും ആദാമില്‍ സമന്വയിക്കുന്നു.

എന്നാല്‍ ക്രിസ്തു മനുഷ്യവര്‍ഗത്തിന്റെ ചരിത്രത്തില്‍ മറ്റൊരു ആദാമാണ്. ആദാമിന്റെ പാപത്തില്‍ എല്ലാ മനുഷ്യരും സമന്വയിച്ചതുപോലെ ക്രിസ്തുവിന്റെ രക്ഷാകരകര്‍മത്തില്‍ എല്ലാ മനുഷ്യരും സമന്വയിക്കുന്നു. ആദാമിന്റെ പാപത്തില്‍ എല്ലാപേരും പങ്കാളികളായതുപോലെ ക്രിസ്തുവിന്റെ രക്ഷണീയകര്‍മത്തില്‍ എല്ലാ മനുഷ്യരും പങ്കാളികളായിത്തീര്‍ന്നു. അങ്ങനെ ആദാമിന്റെ മറ്റൊരു പ്രതിരൂപമാണ് ക്രിസ്തു. ആദിമനുഷ്യന്‍ ലോകത്തിലേക്ക് പാപത്തിന്റെ സംവാഹകനായി. ക്രിസ്തുവാകട്ടെ മനുഷ്യന്നു പാപത്തില്‍ നിന്നുള്ള സംരക്ഷകനും.

പൗലോസ് ആദാമിനെയും ക്രിസ്തുവിനെയും രണ്ടു പ്രതിരൂപങ്ങളായിട്ടാണ് ആവിഷ്‌കരിക്കുന്നത്. ഒന്ന് പാപത്തിന്റെ പ്രതിരൂപം. മറ്റൊന്ന് രക്ഷയുടെ പ്രതീകം.

(5: 15-19).

”എന്നാല്‍ അതിക്രമം പോലെയല്ല  വരദാനം. ഒരു മനുഷ്യന്റെ അതിക്രമം മൂലം അനേകര്‍ മരിച്ചു. എന്നാല്‍ അതിലധികമായി ദൈവപ്രസാദവും യേശുക്രിസ്തു എന്ന ഒരു മനുഷ്യന്റെ പ്രസാദത്താലുള്ള വരദാനവും അനേകര്‍ക്കു സമ്യദ്ധമായി ലഭിച്ചിരിക്കുന്നു. ഈ വരദാനം ആ മനുഷ്യന്റെ പാപഫലം പോലെയല്ല. ഒരു പാപം ശിക്ഷാവിധിക്കു കാരണമായി. പക്ഷേ അനേകം അതിക്രമങ്ങള്‍ക്കു ശേഷം വരുന്ന ഈ വരദാനം നീതീകരണം നല്‍കുന്നു. ഒരു മനുഷ്യന്റെ അതിക്രമം നിമിത്തം ആ ഒരു മനുഷ്യനിലൂടെ മരണം വാഴ്ച നടത്തിയെങ്കില്‍ സമൃദ്ധമായ കൃപയും നീതീകരണത്തിന്റെ വരദാനവും സ്വീകരിച്ചവര്‍ യേശുക്രിസ്തു എന്ന ഏകമനുഷ്യനിലൂടെ അതിലധികമായി ജീവനില്‍ വാഴ്ച നടത്തും.”

ഇവിടെ പൗലോസ് വീണ്ടും ആദാമിനെയും ക്രിസ്തുവിനെയും പ്രതിരൂപങ്ങളാക്കി ദൈവത്തിന്റെ രക്ഷണീയകര്‍മത്തെ വിവരിക്കുന്നു. അതിക്രമം മനുഷ്യസ്യഷ്ടിയായിരുന്നു.  അതിന്റെ ഫലമായി അനേകര്‍ മരിച്ചു. എന്നാല്‍ അതിക്രമത്തിന്നുള്ള പരിഹാരം സാധിച്ചത് യേശുക്രിസ്തു എന്ന മനുഷ്യനിലൂടെയാണ്. ഈ വരദാനമാകട്ടെ മനുഷ്യന്നു പാപത്തില്‍നിന്നും തന്മൂലമുണ്ടാകുന്ന മരണത്തില്‍നിന്നും രക്ഷ നല്‍കുന്ന ദൈവപ്രസാദമാണ്.

പാപങ്ങള്‍ക്കു പരിഹാരമായി ബലികള്‍ അര്‍പ്പിക്കണമെന്ന് മോശെയുടെ നിയമം വിധിക്കുന്നു. ആട്ടിന്‍കൊറ്റന്റെയോ കാളക്കുട്ടിയുടെയോ രക്തം മനുഷ്യന്റെ പാപപരിഹാരമായി ലേവി പുരോഹിതന്മാര്‍ സമര്‍പ്പിച്ചുപോന്നു. എന്നാല്‍ ക്രിസ്തുവാകട്ടെ, സ്വന്തം രക്തം ചിന്തിയാണ് മനുഷ്യപാപത്തിനുവേണ്ടിയുള്ള ബലി സമര്‍പ്പിച്ചത്. പൗലോസ് എബ്രായക്കാരുടെ ലേഖനത്തില്‍ ഈ പൂര്‍ണബലിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: എന്നാല്‍ സമാഗതമായിരിക്കുന്ന നല്ല കാര്യങ്ങളുടെ മഹാപുരോഹിതനായി ക്രിസ്തു പ്രത്യക്ഷപ്പെട്ടു. മനുഷ്യനിര്‍മിതമല്ലാത്ത അതായത് ഭൗമികമല്ലാത്ത മഹത്തരവും മികവുറ്റതുമായ കൂടാരത്തിലൂടെ അവന്‍ ഒരിക്കല്‍ മാത്രം വിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായിട്ടല്ല സ്വന്തം രക്തവുമായി അവന്‍ അവിടെ പ്രവേശിച്ചു. നിത്യമായ വീണ്ടെടുപ്പു സാധിച്ചു. കോലാടുകളുടെയും കാളക്കുട്ടികളുടെയും രക്തം തളിക്കുകയും പശുക്കുട്ടിയുടെ ചാരം വിതറുകയും ചെയ്താല്‍ ശാരീരികമായ അശുദ്ധി നീങ്ങി അശുദ്ധര്‍ ശുദ്ധീകരിക്കപ്പെടും. അങ്ങനെയെങ്കില്‍ കുറ്റമറ്റവനായി നിത്യാത്മാവിലൂടെ തന്നെത്തന്നെ ദൈവത്തിനര്‍പ്പിച്ച ക്രിസ്തുവിന്റെ രക്തം എത്രയധികമായി നിങ്ങളുടെ മനസ്സാക്ഷിയെ ജീവനുള്ള ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി നിര്‍ജീവ പ്രവൃത്തികളില്‍ നിന്നു ശുദ്ധീകരിക്കും. (എബ്രാ. 9. 11-14). യഹൂദനിയമം  അനുസരിച്ചുള്ള ബലികള്‍ ഇനി ആവര്‍ത്തിക്കേണ്ടതില്ല. മാത്രമല്ല, ക്രിസ്തുവിന്റെ രക്തസമര്‍പ്പണം ശാശ്വതവും പൂര്‍ണവുമാകയാല്‍ മറ്റൊരു ബലിയുടെ ആവശ്യമില്ല. പൗലോസ് എബ്രായലേഖനത്തില്‍ ഈ രക്ഷണീയകര്‍മത്തിന്റെ പൂര്‍ണതയെ എടുത്തു കാണിക്കുന്നുണ്ട്. ”ആ തിരുഹിതത്താല്‍ യേശുക്രിസ്തുവിന്റെ ശരീരം എന്നന്നേക്കുമായി ഒരിക്കല്‍ ബലിയര്‍പ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ക്രിസ്തു പാപങ്ങള്‍ക്കുവേണ്ടി എന്നന്നേക്കുമുള്ള തന്റെ ഏകബലി അര്‍പ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി. (എബ്രാ. 10. 10-12).

ഇങ്ങനെ ക്രിസ്തുലൂടെ ദൈവത്തിന്റെ കൃപയും നീതികരണത്തിന്റെ വരദാനവും സ്വീകരിക്കുന്നതിനുള്ള ക്ഷണമാണ് മനുഷ്യന്ന് ലഭിച്ചത്.

Categories: Article