മാര്‍ത്തോമ്മായുടെ നിയമവും സഭാനിയമവും

പരമാധികാരത്തെ (sovereignty) സംബന്ധിച്ച് പലതരം വീക്ഷണങ്ങള്‍ ജനതകളുടെ ഇടയിലുണ്ട്.  ക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ഥനയില്‍ സ്വര്‍ഗസ്ഥനായ പിതാവിനെ സംബോധന ചെയ്യുന്നുണ്ട്. അതായത് പ്രപഞ്ചത്തിന്റെ എല്ലാ നിയന്താവും അധികാരിയുമായ പിതാവ് യഹൂദരെ സംബന്ധിച്ചിടത്തോളം പരമാധികാരി യഹോവ ആയിരുന്നു. യഹോവ തന്റെ അധികാരത്തെ ഓരോ കാലഘട്ടത്തില്‍ വ്യക്തികള്‍ക്കും ചിലപ്പോള്‍ ഗോത്രങ്ങള്‍ക്കും നല്‍കുന്നതായി കാണുന്നു.  രാജാവായ സാവോളിനും ദാവീദിനും യഹോവ തന്റെ അധികാരം പങ്കുവയ്ക്കുകയായിരുന്നു.

ലേവി ഗോത്രത്തിന് പൗരോഹിത്യം ഒരു അവകാശമായി യഹോവ നല്‍കുന്നു. അങ്ങനെ യഹോവയുടെ പുരോഹിതരായിത്തീര്‍ന്ന ലേവി ഗോത്രത്തിന് പ്രത്യേക അവകാശങ്ങള്‍ യഹോവ നല്‍കുന്നു. റോമാ സാമ്രാജ്യത്തില്‍ പലതരം ദൈവങ്ങള്‍ ഉണ്ടായിരുന്നു. ആ ദൈവങ്ങളെ ഉപാസിക്കുകയും പ്രീതിപ്പെടുത്തുകയും ചെയ്യുന്നതിന് പുരോഹിതര്‍ ഉണ്ടായിരുന്നു. അവര്‍ക്കിടയില്‍ മഹാപുരോഹിതരും ഉണ്ടായിരുന്നു. ഗ്രീസിലും അനേകം ദേവന്മാര്‍ ഉണ്ടായിരുന്നു. ഹോമറിന്റെ കൃതികളില്‍ ഈ ദേവന്മാരെക്കുറിച്ച് എടുത്തു പറയുന്നുണ്ട്. അവര്‍ക്ക് മാനുഷികമായ ശക്തിയാണ് ഉണ്ടായിരുന്നത്. ക്രിസ്തുമതം ജനിച്ചു വീണത് യഹൂദ ഗോത്രത്തിലായിരുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ പരമാധികാരിയായ സൂയസ് ദേവനെ അന്ന് റോമാക്കാര്‍ ആരാധിച്ചുപോന്നു. ഗ്രീസില്‍ അധികാരം ജനങ്ങളിലാണ് നിക്ഷിപ്തമായിരുന്നത്. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെടുന്ന അധികാരികള്‍ ഗ്രീസില്‍ ഉണ്ടായത്. യഹൂദമതത്തിലും റോമന്‍ സാമ്രാജ്യത്തിലും പരമാധികാരം പ്രതിഷ്ഠിക്കപ്പെട്ടിരുന്നത് ദേവന്മാരിലായിരുന്നു. ക്രിസ്തുമതം വളര്‍ന്നു വികസിച്ചത് റോമാ സാമ്രാജ്യത്തിനുള്ളിലായിരുന്നു. ക്രിസ്തുവിന്റെ പിന്‍ഗാമിയായി നിയോഗിച്ചത് അവിടുത്തെ മുഖ്യശിഷ്യനായ പത്രോസിനെ ആണെന്നു കാണുന്നു. അങ്ങനെ ക്രിസ്തുവിന്റെ അധികാരം പത്രോസിലേക്കു കൈമാറിയതായി റോമാ സാമ്രാജ്യം കരുതി. റോമ ക്രൈസ്തവമായപ്പോള്‍ ക്രിസ്തുവിന്റെ പിന്‍ഗാമി എന്ന നിലയില്‍ റോമിലെ മെത്രാന് പ്രത്യേക അവകാശങ്ങള്‍ റോമന്‍ ക്രിസ്ത്യാനികളും ചക്രവര്‍ത്തിയും നല്‍കി. ക്രിസ്തുമതത്തിന്റെ തലവനായി, പത്രോസിന്റെ പിന്‍ഗാമിയായി, റോമിലെ മെത്രാനെ അംഗീകരിച്ചു. അങ്ങനെ ക്രൈസ്തവസമുദായത്തിലെ sovereign ആയി മാര്‍പാപ്പാ വ്യവഹരിക്കപ്പെട്ടു. സഭയുടെ പരമാധികാരം റോമിലെ മാര്‍പാപ്പായ്ക്കായി. പത്രോസ് തന്റെ ജീവിതകാലത്ത് എവിടെയെല്ലാം താമസിച്ചിരുന്നുവോ അവിടെയെല്ലാം പത്രോസിന്റെ സിംഹാസനങ്ങള്‍ സ്ഥാപിതമായതായി അതതു ദേശത്തെ ജനങ്ങള്‍ വാദിച്ചു. അന്ത്യോഖ്യായിലും പത്രോസിന്റെ ഒരു സിംഹാസനം ഉണ്ടെന്ന് കരുതിപ്പോന്നു. പിന്നീട് റോമാസാമ്രാജ്യം വിഭജിച്ചപ്പോള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാര്‍ക്കീസ് പത്രോസിന്റെ പിന്‍ഗാമിയായി കിഴക്കന്‍ റോമാസാമ്രാജ്യത്തിലെ ക്രൈസ്തവര്‍ കരുതി. ഈ പരമാധികാരം മുഴുവന്‍ ഭാവനാസൃഷ്ടങ്ങളായിരുന്നു. ഗ്രീസില്‍ വളര്‍ന്നുവന്ന ജനങ്ങളുടെsovereign എന്ന ചിന്ത റോമന്‍ സാമ്രാജ്യത്തിലേക്ക് കടന്നില്ല. റോമന്‍ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പരമാധികാരിയായ ചക്രവര്‍ത്തിക്ക് ഉണ്ടായിരുന്ന അതേ സ്ഥാനം ക്രൈസ്തവരുടെ തലവന് റോമില്‍ ഉള്ളതായി പലരും വാദിച്ചു. ക്രൈസ്തവമതം ലോകമെമ്പാടും വളര്‍ന്നപ്പോള്‍ ഈ പരമാധികാര കാഴ്ചപ്പാട് അനുസരിച്ച് സഭകളും വിഭജിച്ചു. അങ്ങനെയാണ് റോമിലും അന്ത്യോഖ്യായിലും പരമാധികാരസഭകള്‍ ഉണ്ടായത്.

ക്രിസ്തു പറഞ്ഞു, ‘നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല; ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്’  എന്ന്. ക്രിസ്തുവിന്റെ ഈ വാചകത്തെ ആധാരമാക്കി മെത്രാന്മാരെ പത്രോസിന്റെ സിഹാസനം തിരഞ്ഞെടുക്കുന്ന പതിവുണ്ടായി (അന്ത്യോഖ്യായിലും കോണ്‍സ്റ്റാന്റിനോപ്പിളിലും മറ്റും).

ആദിമസഭയില്‍ മെത്രാന്മാരില്ലായിരുന്നു. 16-ാം നൂറ്റാണ്ടുവരെ കേരളസഭയുടെ ഭരണത്തില്‍ മെത്രാന്‍പദവി ഉണ്ടായിരുന്നില്ല. പത്രോസിനെ പിന്‍ഗാമിയായി യേശു നിയമിക്കുമ്പോള്‍, ‘എന്റെ ആടുകളെ മേയിക്കുക’ എന്ന കല്പനയാണ് നല്‍കിയത്. പത്രോസാകട്ടെ, യേശു പറഞ്ഞ കല്പനയുടെ അര്‍ഥം ഗ്രഹിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു (1 പത്രോ 5:1-4). പത്രോസ് സഭാശുശ്രൂഷകരെ നിയമിച്ചത് സഭയിലെ അധികാരികളായിട്ടായിരുന്നില്ല. സഭാഘടന നിലനില്‍ക്കേണ്ടത് ശുശ്രൂഷകളിലൂടെയും സ്‌നേഹത്തിലൂന്നിയ പ്രവൃത്തികളിലൂടെയുമാണ്. സ്‌നേഹത്തിലൂന്നിയ ശുശ്രൂഷയില്‍ ഉന്നതരോ അധികാരികളോ ഭരണകര്‍ത്താക്കളോ ഇല്ല. സേവകരും ശുശ്രൂഷകരും മാത്രം. 16-ാം നൂറ്റാണ്ടുവരെ കേരളത്തില്‍ സഭാശുശ്രൂഷകള്‍ നടത്തിയിരുന്ന മൂപ്പന്മാര്‍ ഒരിക്കലും ഭരണകര്‍ത്താക്കളായിരുന്നില്ല. ”വിജാതീയരുടെമേല്‍ അവരുടെ ഭരണാധിപര്‍ യജമാനത്വം പുലര്‍ത്തുന്നു എന്നും പ്രമാണിമാര്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ക്ക് അറിയാമല്ലോ. ഇതു നിങ്ങളുടെ ഇടയില്‍ ഉണ്ടാകരുത്. നിങ്ങളില്‍ വലിയവന്‍ ആകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ ഭൃത്യനാകണം. നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ നിങ്ങളുടെ അടിമയാകണം; മനുഷ്യ പുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു സേവിക്കപ്പെടാനല്ല. സേവിക്കാനാണ്; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്കാനാണ്” (മത്താ. 20: 25-28).

എന്നാല്‍ ഇന്ന് മെത്രാന്‍

സ്ഥാനം അധികാരപദവിയാണ്. വിവിധ സഭകള്‍, സഭകള്‍ക്ക് രൂപതകള്‍, രൂപതകള്‍ക്ക് മെത്രാന്‍ പദവിയും രൂപതയുടെ കീഴിലുള്ളവരെ ഭരിക്കാനുള്ള അധികാരവും. ഈ സ്ഥാനപദവിക്കായി പരസ്പരം പൊരുതുന്നു. ഇതാണ് ഇന്നത്തെ അവസ്ഥ.

പക്ഷേ ക്രിസ്തുവില്‍ വിശ്വസിക്കുന്നവരുടെ സമൂഹത്തില്‍ അധികാരനിഷ്ഠമായ ഭരണരീതി  ഉണ്ടാ കാന്‍ പാടില്ല എന്നു യേശു കല്പിച്ചു. യേശു ശിഷ്യപ്രമുഖനായ പത്രോസിനെ ഇടയനായാണ് നിയോഗിക്കുന്നത്; ഒന്നാമനായല്ല. ഇടയന്‍ ആടുകളെ അറിയുകയും അവയ്ക്കുവേണ്ടി ജീവിക്കുകയും ചെയ്യുന്നു. യേശുതന്നെ ഞാന്‍ നല്ല ഇടയനാകുന്നു എന്നാണ് ചൂണ്ടിക്കാട്ടിയത്.

ക്രിസ്തുവിന്റെ ശിഷ്യന്മാര്‍ അവിടുത്തെ സുവിശേഷം ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പ്രസംഗിക്കുകയും ശിഷ്യന്മാരെ തിരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ മാര്‍ത്തോമ്മാ സുവിശേഷം പ്രസംഗിച്ചതായും അവരുടെ സഭ മാര്‍ത്തോമ്മായുടെ നിയമത്തിന്റെ പേരില്‍ ഭരിക്കപ്പെട്ടുപോന്നതായും പറയുന്നു. കേരളത്തിലെ പ്രത്യേക സമൂഹസമ്പ്രദായം അനുസരിച്ച് അധികാരം ജനകീയ മണ്‍റങ്ങളില്‍ നിക്ഷിപ്തമായിരുന്നു.

ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷനായ മാര്‍ ജോസഫ് പൗവ്വത്തില്‍ വത്തിക്കാനില്‍വെച്ചുകൂടിയ സീറോ-മലബാര്‍ സഭയുടെ സൂനഹദോസില്‍ ഇങ്ങനെ പ്രസ്താവിച്ചതായി കാണുന്നു: “They (Christians of Kerala)  had an ecclesiology of their own in which the theology of the local Churches was a living reality. The parish assembly gathered under the leadership of the local clergy was an ecclesiological reality as the best expression of the Church, the people of God. It was not merely an administrative body. The Dravidian village assembly called ‘Manram’ seems to have influenced the formation of the local assembly called Palliyogam. It is the expression of communion of a sharing community” (Acts of the Synod of Bishops of the Syro-Malabar Church, Page 72).

മാര്‍ പൗവ്വത്തിലിന്റെ അഭിപ്രായത്തില്‍, റോമില്‍ വികസിച്ചുവന്ന സഭാസമ്പ്രദായം (ecclesiology) ആയിരുന്നില്ല കേരളത്തില്‍ ഉണ്ടായിരുന്നത്. അത് കൂടുതല്‍ ജനാധിപത്യപരമായിരുന്നു. പുരോഹിതരെ സഭായോഗമാണ് തെരഞ്ഞെടുത്തിരുന്നത്. സഭായോഗത്തിന്റെ കുറി ഉണ്ടെങ്കില്‍ മാത്രമേ പുരോഹിതാര്‍ത്ഥിക്ക് പുരോഹിതപട്ടം കൊടുത്തിരുന്നുള്ളൂ. അതായത്, സഭയുടെ പരമാധികാരം ഇടവകയോഗത്തില്‍ നിക്ഷിപ്തമായിരുന്നു. പോര്‍ട്ടുഗീസ് മിഷനറിമാരുടെ ആഗമനത്തിനുശേഷമാണ് മെത്രാന്‍കേന്ദ്രീകൃതമായ സഭാഭരണം കേരളത്തില്‍ സ്ഥാപിക്കപ്പെട്ടത്. മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് സഭയുടെ ഭൗതികഭരണം അര്‍ക്കാദിയാക്കോനില്‍ നിക്ഷിപ്തമായിരുന്നു. കേരളസഭയുടെ ചരിത്രത്തില്‍ അര്‍ക്കാദിയാക്കോനുണ്ടായിരുന്ന സ്ഥാനം അതുല്യമായിരുന്നു.

1653-ല്‍ നടന്ന കൂനന്‍കുരിശു സത്യത്തിന് നേതൃത്വം നല്‍കിയിരുന്നത് ജാതിക്കുകര്‍ത്തവ്യനായ അര്‍ക്കാദിയാക്കോനായിരുന്നു. കൂനന്‍ കുരിശുസത്യത്തിനു കാരണമായിത്തീര്‍ന്നത് അര്‍ക്കാദിയാക്കോന് സഭാഭരണത്തിലുള്ള സ്ഥാനം ലഘൂകരിച്ചതായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം  സീറോ-മലബാര്‍ സഭയെ ഒരു റീത്തായി റോമാ അംഗീകരിച്ചപ്പോള്‍, സീറോമലബാര്‍ സഭയുടെ വേരുകളിലേക്ക് മടങ്ങിപ്പോകുന്നതിന് അനുവാദവും ലഭിച്ചു. അതുകൊണ്ട്, മാര്‍ത്തോമ്മായുടെ നിയമത്തിന് സഭാഭരണത്തില്‍ പ്രാധാന്യം ലഭിക്കണം. മാര്‍ത്തോമ്മായുടെ നിയമത്തിന്റെ അടിസ്ഥാനതത്ത്വം, സഭ യെന്നാല്‍ വിശ്വാസികളാണ് എന്നതാണ്. അവര്‍ രൂപീകരിക്കുന്ന ഇടവകയോഗത്തിനും മഹായോഗത്തിനും പ്രാദേശിക യോഗത്തിനുമെല്ലാം സഭാഭരണത്തില്‍ അതിപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. അതായത്, ഗ്രീസില്‍ വളര്‍ന്നുവന്ന ജനാധിപത്യസമ്പ്രദായം ദ്രാവിഡ മണ്‍റത്തിന്റെ രൂപത്തില്‍ കേരളത്തില്‍ പുനര്‍ജനിച്ചു. റോമന്‍ ecclesiology -യും മാര്‍ത്തോമ്മായുടെ നിയമവും തമ്മിലുള്ള അതിപ്രധാനമായ വ്യത്യാസം റോമന്‍ ecclesiology  അനുസരിച്ച് ജനാധിപത്യത്തിന്റെ ഒരു സൂചനപോലും റോമന്‍ സഭാഭരണസമ്പ്രദായത്തിലില്ല എന്നതാണ്. എന്നാല്‍ മാര്‍ത്തോമ്മായുടെ നിയമം അനുസരിച്ച് സഭയാണ് (ഇടവകയോഗവും മഹായോഗവും എല്ലാമാണ്) സഭാഭരണത്തിലെ അതിപ്രധാന ഘടകങ്ങള്‍. അതുകൊണ്ട് സഭയുടെ വസ്തുവകകളെ സംബന്ധിച്ച് ഒരു നിയമം ഉണ്ടാകുമ്പോള്‍ സഭായോഗങ്ങള്‍ക്കായിരിക്കണം പ്രാധാന്യം.

അംഗത്വ സസ്‌പെന്‍ഷന്‍

ഏതെങ്കിലും ഒരു പ്രാദേശിക സഭയില്‍ അംഗമാകുന്ന വ്യക്തി ബേസിക് യൂണിറ്റായ ഇടവകപ്പള്ളിയിലെ അംഗമായിരിക്കും. അയാള്‍ അംഗമായിരിക്കുന്ന പൊതുസഭയിലും അംഗമായിരിക്കും. ഒരു അംഗത്തിന്റെമേല്‍ അച്ചടക്ക നടപടികള്‍ എടുത്തു പുറംതള്ളണമെങ്കില്‍ അതിനുള്ള അധികാരം അയാള്‍ അംഗമായിരിക്കുന്ന പ്രാദേശിക സഭയ്ക്കായിരിക്കും (പാരിഷ്). ഏതെങ്കിലും അംഗം ഗുരുതരമായ അച്ചടക്കലംഘനം വരുത്തുന്നപക്ഷം,അക്കാര്യം അംഗങ്ങള്‍ പ്രാദേശിക സഭയെ അറിയിക്കുകയും പള്ളിയില്‍നിന്നും പുറത്താക്കലുള്‍പ്പെടെയുള്ള അച്ചടക്കനടപടികള്‍ ആ പ്രാദേശികസഭ എടുക്കുകയും ചെയ്യുന്നു. അച്ചടക്കനടപടികളെടുത്ത് സഭയില്‍നിന്നു പുറത്താക്കുന്ന വ്യക്തിയെ സഭയില്‍ പുനഃപ്രവേശിപ്പിക്കാനുള്ള അധികാരവും പ്രാദേശികസഭയ്ക്കു മാത്രമായിരിക്കും. സഭാധികാരം അച്ചടക്ക നടപടികളിലൂടെ പുറത്താക്കാത്ത അംഗത്തിന് ഇടവകയിലുള്ള എല്ലാ അംഗത്വ അവകാശങ്ങളും (ഉദാ. മരിച്ചടക്ക്) നിലനില്‍ക്കുന്നതാണ്.

Categories: Article