ഒരു കത്തും ചില ചിന്തകളും

പ്രിയ സുഹ്യത്തേ,

ജനുവരി 18-ലെ ദീപിക കണ്ടപ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍മ വന്നു. അതില്‍ രണ്ടാം പേജില്‍ റവ. ഫാ. മാരീനൂസ് സി. എം. ഐ. യെക്കുറിച്ചുള്ള ലേഖനം: ‘ജന്തു ശാസ്ത്രകുതുകിയും വാസ്തുശില്പകലയും’. അതില്‍ ഫാ. മാരീനൂസിന്റെ ശില്പകലാജീവിതത്തിന്റെ 25-ാം വാര്‍ഷികമായി കോട്ടയത്ത് ഒരു പ്രദര്‍ശനം നടക്കുന്നതായും വായിച്ചു.

അപ്പോള്‍ മറ്റൊരു  കാര്യം കൂടി ഓര്‍മ വന്നു. 1965 ജനുവരി 8-ാം തീയതി താങ്കളും ഫാ. മാരീനൂസും അധ്യാപകരായിരുന്ന ദേവഗിരികോളേജിലെ  വിദ്യാര്‍ഥിസമരവും അതേ തുടര്‍ന്ന് സുവോളജി പ്രൊഫസറായിരുന്ന ഫാ. മാരീനൂസിന്റെയും മറ്റൊരു അധ്യാപകനായിരുന്ന ഫാ. ആബേലിന്റെയും മറ്റും സ്ഥലംമാറ്റവും. ഓര്‍മ പുതുക്കുന്നതിനായി ഞാന്‍ താങ്കളുടെ സ്വകാര്യകോളേജ് അധ്യാപകന്റെ സ്മരണകള്‍ വീണ്ടും വായിച്ചു. അന്ന് കര്‍മലീത്താസഭ നിഷ്‌ക്കരുണം കോളേജില്‍നിന്നു പുറത്താക്കിയവരായ ഫാ. മാരീനൂസും ഫാ. ആബേലും വിവിധ രംഗങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്നു. ഒരാള്‍ വാസ്തുശില്പകലയിലും ഫാ. ആബേല്‍ കലോപാസനയിലും.

ഒരു രസകരമായ സത്യം എന്റെ മുന്നില്‍ വിടര്‍ന്നു വരുന്നു. ഫാ. മാരീനൂസിന്റെയും ഫാ. ആബേലിന്റെയും ശക്തമായ പിന്‍തുണക്കാരനായിരുന്ന താങ്കളും കോളേജ് വിട്ടു. മൂന്നുപേരും മൂന്നു പ്രവര്‍ത്തനമണ്ഡലത്തില്‍ പ്രവേശിച്ചു. ഒരാള്‍ വാസ്തുകലയില്‍  മറ്റൊരാള്‍ നാദപ്രപഞ്ചത്തില്‍, താങ്കള്‍ ബൈബിള്‍ പ്രസിദ്ധീകരണത്തില്‍. രണ്ടു പുരോഹിതരും ലൗകികമേഖലയില്‍ നേട്ടങ്ങളുണ്ടാക്കിയപ്പോ ള്‍ അല്‍മായനായ താങ്കള്‍ മതരംഗത്തുതന്നെ ഉറച്ചു നിന്നു. അത് അത്ഭുതമായിത്തോന്നി. അന്ന് സഭാധികാരത്തിന് അനഭിമതരായി പലവിധ ആരോപണങ്ങള്‍ ഉന്നയിച്ച് മുദ്ര കുത്തി പുറത്താക്കപ്പെട്ടവരുടെ നേട്ടങ്ങള്‍ ദീപികയില്‍ അടിച്ചു വരികയും ചെയ്യുന്നു. എന്നാല്‍ താങ്കള്‍ ഇന്നും പുറത്താണല്ലോ. ബൈബിള്‍ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള ഫോട്ടോയില്‍ നിന്നും താങ്കളുടെ പടം വെട്ടി മാറ്റിയാണ് ദീപികയില്‍ പ്രസിദ്ധീകരിച്ചതെന്ന് ഓശാനയില്‍ എഴുതിയത് ഓര്‍ക്കുന്നു. ഫാ. മാരീനൂസും ഫാ. ആബേലുമെല്ലാം സഭയില്‍ ഇന്ന് അംഗീകരിക്കപ്പെട്ടവര്‍. താങ്കള്‍ ഇന്നും പുറത്ത്!

എന്റെ കുറിപ്പ്

കാലം എരിച്ചുതള്ളിയ ഓര്‍മയുടെ ചാരക്കൂമ്പാരത്തില്‍നിന്നു ചില കനലുകള്‍ കിള്ളി ഉയര്‍ത്താന്‍ എന്റെ ഒരു പൂര്‍വകാല സുഹ്യത്തിന്റെ ഈ കത്ത് കാരണമായിത്തീര്‍ന്നു. ഈ കത്തില്‍ മറ്റുള്ളവരെപ്പറ്റി അസുഖകരമായ പരാമര്‍ശങ്ങളുള്ളത് ഞാന്‍ വിടുന്നു. വ്യക്തിപരമായ കാര്യങ്ങളുടെ പരാമര്‍ശനത്തിന് ഓശാനയുടെ പേജുകള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നറിയാമെങ്കിലും വ്യക്തിപരമായവയില്‍ അടിസ്ഥാന സാമൂഹ്യപ്രശ്‌നങ്ങള്‍ അന്തര്‍ഭവിച്ചിട്ടുണ്ടെങ്കില്‍ ഒരു വിചിന്തനം അസ്ഥാനത്തായിരിക്കുകയില്ല.

ജനുവരി 13- ഞായറാഴ്ച ഞാന്‍ ദര്‍ശനാസെന്ററില്‍ വെച്ചു നടന്ന പുസ്തകാമേളാ അരങ്ങില്‍ ചെന്നെത്തി. കോട്ടയത്ത് ശാസ്ത്രിറോഡില്‍  സി. എം. ഐ. സഭവകയായുള്ള വിശാലമായ രണ്ടുനില കെട്ടിടത്തിനു പിന്നിലായി കെട്ടിയുയര്‍ത്തപ്പെടുന്ന മറ്റൊരു വലിയ കെട്ടിടത്തിലായിരുന്നു പുസ്തകപ്രദര്‍ശനം. ആദ്യകെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പാ. മാരീനൂസിന്റെ വാസ്തുവിദ്യാചാതുര്യത്തിന്റെ 25-ാം  വാര്‍ഷികത്തിലുള്ള വാസ്തുവിദ്യാപ്രദര്‍ശനവും നടക്കുന്നുണ്ടായിരുന്നു.

പുസ്തകമേളയില്‍ ചില ഭാഗങ്ങള്‍ ഞാന്‍ നടന്നു കണ്ടു. നേരില്‍ പരിചയമുള്ള ചിലര്‍ ചോദിച്ചു. ഈ പുസ്തകപ്രദര്‍ശനത്തില്‍ മലയാളം ബൈബിള്‍ പ്രദര്‍ശിപ്പിക്കുന്നില്ലേ? ഇല്ല എന്ന് ഉത്തരം പറയേണ്ടിവന്നു. കാരണം ഞങ്ങളെ മാത്രം ക്ഷണിക്കാന്‍ സംഘാടകര്‍ ന്യായമായും മറന്നു.

ജനകീയ പ്രസിദ്ധീകരണശാലക്കാരുടെ മാര്‍ക്‌സിയന്‍ പ്രസിദ്ധീകരണങ്ങളും മാവോസേതൂങ്ങിന്റെ ഗ്രന്ഥപ്രപഞ്ചവും പ്രസിദ്ധീകരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. പക്ഷേ മലയാളം ബൈബിള്‍ പ്രസിദ്ധീകരിച്ച ഓശാന പ്രസിദ്ധീകരണ സ്ഥാപനത്തെ മാത്രം ക്ഷണിച്ചില്ല.

ഇക്കാര്യത്തെക്കുറിച്ച് അതിനും ചില ദിവസങ്ങള്‍ക്കുമുമ്പ് ദര്‍ശനയുടെ സാരഥിയായ യുവാവായ ഒരു സി. എം. ഐ അച്ചനുമായി സംസാരിക്കുകയുണ്ടായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രസിദ്ധീകരണശാലകളെക്കുറിച്ചോര്‍ത്തപ്പോഴും മലയാളം ബൈബിളിന്റെ പ്രസിദ്ധീകരണത്തെക്കുറിച്ച് അവര്‍ മറന്നുപോയി എന്ന് ക്ഷമാപണപൂര്‍വം പറയുകയുണ്ടായി. അത് ആ ബഹു. കൊച്ചച്ചന്റെ തെറ്റാണോ? അല്ലേ അല്ല. സി. എം. ഐ. സഭയുടെ ഘടനാപരമായ തെറ്റിന്റെയും വിസ്മരണയുടെയും ഒരു ഭാഗമാണ്.

1983 മെയ് മാസത്തില്‍ 25000 കോപ്പി പ്രസിദ്ധീകരിച്ച മലയാളം ബൈബിള്‍ 1984 ഡിസംബര്‍ ആയപ്പോഴേക്കും എല്ലാ കോപ്പികളും വിറ്റു തീര്‍ന്ന് രണ്ടാം പതിപ്പ് വില്പന ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ 15-നു പ്രസിദ്ധീകരിച്ച മലയാളം ബൈബിള്‍ പുതിയനിയമം ഇത് ഞാനെഴുതുമ്പോള്‍ 9148 കോപ്പികള്‍ വിറ്റുതീര്‍ന്നുകഴിഞ്ഞു. യാതൊരു ശക്തമായ സംഘടനയുടെയും പിന്തുണയില്ലാതെ വമ്പിച്ച പരസ്യകോലാഹലമില്ലാതെ ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഇത്രയും കോപ്പികള്‍ വിറ്റഴിച്ച മറ്റൊരു ഗ്രന്ഥം കേരളത്തിന്റെ ചരിത്രത്തിലുണ്ടോ എന്ന് സംശയം തോന്നുന്നു. (തെറ്റെങ്കില്‍ ക്ഷമിക്കണം)എന്നിട്ടും കോട്ടയത്തുള്ള സി. എം. ഐ. സ്ഥാപനമായ ദര്‍ശന മലയാളം ബൈബിളിനെ മറന്നുപോയി.

പക്ഷേ വേറൊരു കാരണവും ഇല്ലേ? സി. എം. ഐ. സഭാവക പുതിയനിയമം വില്‍ക്കുന്നത് 20 രൂപാ വിലയ്ക്കാണ്. മലയാളം ബൈബിള്‍ പുതിയനിയമത്തിന്റെ വില ഡീലക്‌സ് അഞ്ചു രൂപായും പി.വി.സി. ബൈന്‍ഡ് മൂന്നു രൂപായും!!! അപ്പോള്‍ സ്വന്തം കച്ചവടത്തിന് അനുഗ്രഹമായ മറവി സംഭവിച്ചതില്‍ നമുക്ക് സി. എം. ഐ സഭയെ കുറ്റം പറയാനാകുമോ? പാടില്ല. മറവി പരിശുദ്ധാത്മാവിന്റെ അനുഗ്രഹമായി ചിലപ്പോഴെങ്കിലും വന്നു സംഭവിക്കാം എന്നതല്ലേ ഈ പരിശുദ്ധ മറവിയുടെ പിന്നിലുള്ള പൊരുള്‍.

ഞാന്‍ പുറത്തിറങ്ങി ഫാ. മാരിനൂസിന്റെ വാസ്തുശില്പപ്രദര്‍ശനം നടക്കുന്ന രണ്ടാം നിലയിലേക്ക് നോക്കി സ്ഥലം വിട്ടു. എങ്കിലും എന്റെ മനസ്സില്‍ 1960-കളിലെ  രാത്രികളില്‍ പാ. മാരിനൂസ് തന്റെ ആദ്യത്തെ വാസ്തുശില്പമായ ദേവഗിരി സ്റ്റുഡന്റ്‌സ് സെന്ററിന്റെ പ്ലാന്‍ വരച്ചപ്പോള്‍ കൂട്ടിനായി ദേവഗിരി കോളേജിലെ സുവോളജി സ്റ്റാഫ് റൂമില്‍ ഉറക്കളിച്ചിരുന്ന നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

പ്രദര്‍ശനത്തിന് എന്നെ ക്ഷണിച്ചിരുന്നില്ല. മറന്നുപോയതായിരിക്കാം. മറവി സി. എം. ഐ സഭയുടെ പരിശുദ്ധ അനുഗ്രഹമാണല്ലോ?

അതാണല്ലോ നമുക്ക് മനുഷ്യര്‍ക്ക് ഇല്ലാത്ത പാപം!

Categories: Article