ചിന്താവന്ധ്യംകരണം 

പൗരോഹിത്യാധിപത്യം അതിന്റെ നാല്‍ക്കാലി ഉറപ്പിക്കുന്നത് എക്കാലത്തും ചിന്താവന്ധ്യംകരണത്തിലൂടെയാണ്. തങ്ങള്‍ ആധിപത്യം വഹിക്കുന്ന ജനസമൂഹത്തിനുവേണ്ടി ചിന്തിക്കാനുള്ള കുത്തകാവകാശം അവര്‍ക്കു മാത്രമാണെന്ന് പുരോഹിതര്‍ വാദിക്കുന്നു. മതവിശ്വാസവും മതചിന്തയും തങ്ങളുടെ അറപ്പുര മാളികയില്‍നിന്ന് അളന്നുകൊടുക്കുന്നതനുസരിച്ച് സ്വീകരിക്കേണ്ടവരാണ് വിശ്വാസികളെന്നും സ്വന്തമായി തേടിത്തിന്നുന്നത് പാപമാണെന്നും ഇവര്‍ ഇവര്‍ ഉദ്‌ബോധിപ്പിക്കുന്നു. പ്രബോധനാധികാരം തങ്ങളുടെ കുത്തകയാണ് കാരണം തങ്ങള്‍ക്കു മാത്രമേ വേദം അറിഞ്ഞുകൂടു. അങ്ങനെ വേദജ്ഞാനവും പ്രബോധനാധികാരവും കുത്തകയാക്കിവെച്ച് മതവിശ്വാസികളെ പുരോഹിതര്‍ നയിക്കുന്നു. ഈ പ്രബോധനാധികാരത്തിന് അതിര്‍ത്തിക്കല്ല് നിശ്ചയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ എല്ലാ രംഗങ്ങളിലും പുരോഹിതന്മാര്‍ ചിന്താവന്ധീകരണം ഭക്തിപൂര്‍വം നടത്തുന്നതില്‍ മടിക്കുന്നില്ല.

യഹൂദമതപുരോഹിതന്മാര്‍ യേശുവിന്ന് എതിരെ ഉയര്‍ത്തിയ ഏറ്റവും വലിയ ആരോപണവും ഇതായിരുന്നു. ഗലീല മുതല്‍ ഇവിടം വരെ യൂദായിലെങ്ങും പഠിപ്പിച്ചുകൊണ്ട് ഇവന്‍ ജനങ്ങളെയെല്ലാം ഇളക്കിവിടുന്നു(ലൂക്കാ. 23. 5). തങ്ങള്‍ വെട്ടിമുറിക്കുന്ന ചാലിലൂടെ മാത്രമേ മനുഷ്യന്‍ ചിന്തിക്കാവൂ  എന്ന നിര്‍ബന്ധം പുരോഹിത മേദാവിത്വത്തിന്റെ മുഖമുദ്രയായിരുന്നു താനും.

ബ്രാഹ്മാണാധിപത്യത്തിന്‍ കീഴില്‍ ഹിന്ദു മതം ഒരു ആചാരാനുഷ്ഠാനമതമായിത്തീര്‍ന്നു. ഹിന്ദുമതത്തിന്റെ അടിസ്ഥാനദൈവദര്‍ശനം ജനങ്ങളുമായി പങ്കിടുന്നതിനു പകരം മന്ത്രങ്ങളുടെ അര്‍ഥം അറിയാത്ത ഉരുവിടലും ആചാരാനുഷ്ഠാനങ്ങളും മതത്തിന്റെ കാതലായ ഭാഗമായി ബ്രാഹ്മണര്‍ കെട്ടി എഴുന്നെള്ളിച്ചു. ഉപനിഷദ് ദര്‍ശനങ്ങള്‍ ജനങ്ങള്‍ക്കു നഷ്ടപ്പെട്ടു. ബ്രാഹ്മണാധിപത്യം ജനങ്ങളുടെ മേല്‍ കെട്ടിയിരുത്തി. ദര്‍ശനങ്ങളുടെ ഉറവക്കണ്ണുകള്‍ അടച്ചിട്ടു. ക്രിസ്തുവിനു മുമ്പ് യഹൂദമതവും പൗരോഹിത്യാധിപത്യത്തിന്‍ കീഴില്‍ ആചാരാനുഷ്ഠാനമതമായിത്തീര്‍ന്നു. യേശു ആഞ്ഞടിച്ചത് ഈ ആചാരാനുഷ്ഠാനമതത്തിനെതിരെയായിരുന്നു. യേശുവിന്റെ സന്ദേശം യഹൂദമതാധികാരത്തിന്റെ നെല്ലിപ്പലക വരെ ഇളക്കി കളഞ്ഞു. ദേവാലയത്തില്‍ പുരോഹിതനെയും വിശ്വാസികളെയും വിഭജിക്കുന്ന തിരശ്ശീല ക്രിസ്തുവിന്റെ മരണസമയം കീറി നശിച്ചു.

എങ്കിലും മൂന്നാം നൂറ്റാണ്ടു മുതല്‍ ക്രൈസ്തവസഭയില്‍ പുരോഹിതാധിപത്യം വിശ്വാസികളുടെ മേല്‍ വീണ്ടും ചിന്താവന്ധീകരണം കെട്ടിയിരുത്തി.

ഇരുണ്ട നൂറ്റാണ്ടുകള്‍ എന്നു വിളിക്കപ്പെടുന്ന ചരിത്രഗഹ്വരത്തിലേക്ക് മനുഷ്യചരിത്രത്തെ തള്ളിവിട്ട് എല്ലാ ചിന്താധാരകളെയും വന്ധീകരിച്ച് ക്രൈസ്തവപൗരോഹിത്യം ഈ നൂറ്റാണ്ടുകളില്‍ ഉറഞ്ഞുതുള്ളി. ചിന്തിക്കുന്നവരുടെ തല പുരോഹിതര്‍ പൊന്‍തളികയില്‍ വെട്ടി വഴിപാടായി വാങ്ങി.

ക്രൈസ്തവവിശ്വാസമനുസരിച്ച് മനുഷ്യന്‍ ദൈവഛായയില്‍ സ്യഷ്ടിക്കപ്പെട്ടിരിക്കുന്നു. അവനു ചിന്തിക്കാനും പ്രവര്ത്തിക്കാനുമുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഇതിന്റെമേല്‍ കൈവെയ്ക്കാന്‍ പുരോഹിതന് ഒരിടത്തും ഒരിക്കലും അധികാരവും  കൊടുത്തിട്ടില്ല

ഇന്ന് കേരളത്തില്‍ മധ്യകാലയുഗത്തില്‍ ഉറഞ്ഞു തുള്ളിയ ചിന്താവന്ധീകരണത്തിന്റെ വിക്യതശസ്ത്രക്രിയ വീണ്ടും അരങ്ങേറ്റാന്‍ സഭാധികാരം മടിക്കുകയില്ല എന്നതിന്റെ തെളിവാണ്  താലന്തു മാസികയുടെ കഴുത്തറക്കല്‍.

ഫാ. അടപ്പൂര്‍ എസ്. ജെ തന്റെ പോളണ്ടു പഠനത്തെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പോളണ്ടിലെ ചിന്താസ്വാതന്ത്ര്യമില്ലായ്മയേയും പത്രസ്വാതന്ത്ര്യലംഘനത്തെയും കുറിച്ച് എടുത്തു പറയുന്നുണ്ട്.

എന്നാല്‍ താലന്തുവധത്തിലൂടെ നടത്തപ്പെട്ട ചിന്താവന്ധീകരണത്തെ കുറിച്ച് അദ്ദേഹം എന്തു പറയുമോ ആവോ?

 

Categories: Article