പത്തു പ്രമാണത്തെപറ്റി II

എന്റെ ബഹുമാനപ്പെട്ട സുഹ്യത്ത് പ്രൊഫ. ഉലകംതറ ഈ വാക്യത്തെ പിരിച്ച് രണ്ടു കല്പനയാക്കുന്നതിന് സാധൂകരണമായി പറഞ്ഞ വാദം താഴെ കൊടുക്കുന്നു.

ഓശാന ലേഖകന്റെ യുക്തിയനുസരിച്ച് അന്യന്റെ കാളയെയും കഴുതയെയും ഭാര്യയെയും ആഗ്രഹിക്കരുത് എന്ന് ഒറ്റ പ്രമാണത്തില്‍പെടുത്തിയാല്‍ കഴുതയ്ക്കും ഭാര്യയ്ക്കും ഒരേ വില കല്പിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ എന്നു വരില്ലേ?

ഈ നിയമങ്ങള്‍ ക്രിസ്ത്യാനികള്‍ എഴുതിയതല്ല. എല്ലാ സ്യഷ്ടവസ്തുക്കളുടെയും അധിനാഥനായ ദൈവം നല്‍കിയതാണ്. അന്യന്റെ ഭാര്യയെ മോഹിക്കുക എന്നു പറഞ്ഞാല്‍ അതിന്നര്‍ഥം അന്യന്റെ ഭാര്യയെ സ്വന്തമാക്കുക എന്നുള്ളതാണ്. ആഗ്രഹിക്കുന്നവന്‍ അവളെ തന്റെ ഭാര്യയാക്കാന്‍ ഇച്ഛിക്കുന്നു എന്നതാണ് അര്‍ഥം. അന്യന്റെ ഭാര്യയുമായി ശാരീരികബന്ധം പുലര്‍ത്തുന്നതിനെയാണ് വ്യഭിചാരം എന്നു പറയുന്നത്. ഇതു നേരത്തെ തന്നെ ദൈവം തന്റെ കല്പനയില്‍ നിരോധിച്ചിട്ടുള്ളതാണ്. അപ്പോള്‍ ഇതു സംബന്ധിച്ച് രണ്ടു കല്പനകള്‍ ദൈവം പുറപ്പെടുവിച്ചു എന്നു വാദിക്കുന്നത് യുക്തിസഹമാണോ? അപ്പോള്‍ ലൈംഗികമായ അതിക്രമങ്ങളെ നേരത്തെ നിരോധിച്ചിരിക്കയാല്‍ പരാമര്‍ശിതമായ കല്പന അന്യന്റെ എന്തിനെയെങ്കിലും ദ്രോഹിക്കുന്നതിന്നെതിരായിട്ടുള്ളതാണ് എന്നു കാണാന്‍ വിഷമമില്ല. ആ എന്തിനെയെങ്കിലും എന്നതിന്റെ വിവരണം മാത്രമാണ് ഭാര്യ, ദാസന്‍, ദാസി, കാള, കഴുത, മുതലായവ. ഈ പ്രമാണത്തെ രണ്ടായി മുറിക്കുന്നതിനുള്ള കാരണമായി പ്രൊഫ. ഉലകംതറ ചൂണ്ടിക്കാണിക്കുന്നത് കഴുതയ്ക്കും ഭാര്യയ്ക്കും ക്രിസ്ത്യാനികള്‍ ഒരേ വില കല്പിക്കുന്നു എന്ന തെറ്റിദ്ധാരണ ഒഴിവാക്കുന്നതിനാണ് എന്നാണ്. അപ്പോള്‍ മറിച്ചൊരു  ചോദ്യം ചോദിച്ചുകൂടേ? ക്രിസ്ത്യാനികള്‍ ദാസനെയും ദാസിയെയും കാളയെയും കഴുതയെയും ഒരുപോലെയാണോ കണക്കാക്കുന്നത്.? എല്ലാ മനുഷ്യരെയും ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിച്ചു എന്നു വാദിക്കുന്ന ക്രിസ്ത്യാനി അതും അന്യന്റെ ഭാര്യയെ മാന്യയാക്കാന്‍വേണ്ടി മാറ്റി നിറുത്തി ദാസനെയും ദാസിയെയും കഴുതയ്ക്കു സമാനമാക്കിയതു സാധൂകരണാര്‍ഹമാണോ? ബ്രാഹ്മണന്‍ മുതല്‍ ചണ്ഡാലന്‍ വരെ എന്നും കുബേരന്‍ മുതല്‍ കുചേലന്‍ വരെ എന്നും പറഞ്ഞാല്‍ രണ്ടു വര്‍ഗവും സമാനമാകുന്നുണ്ടോ? അന്യന്റെ ഭാര്യമുതല്‍ കഴുതവരെയുള്ളവയെ മോഹിക്കരുതെന്നതു തീര്‍ത്തും അറുത്തു മുറിച്ച കല്പനയാണത്. ഇവിടെ നിരോധിതമായത് മോഹം എന്ന പാപമാണ്. അന്യന്റെ ഭാര്യയ്ക്ക് മാന്യത കൊടുക്കാന്‍ വേണ്ടി ദൈവത്തിന്റെ പ്രതീകമുണ്ടാക്കരുത് എന്ന കല്പന പത്തു പ്രമാണങ്ങളില്‍ പരാമര്‍ശിക്കുകപോലും ചെയ്യാതിരുന്നത് യുക്തിസഹമാണോ?

വിഗ്രഹങ്ങള്‍ക്കെതിരെ ദൈവമായ കര്‍ത്താവ് ഇസ്രായേലിനോട് ശക്തമായി സംസാരിച്ചിരുന്നു. തന്റെ കല്പനകളെ ആവര്‍ത്തിച്ചുറപ്പിക്കാന്‍ മോശെയുടെ മരണത്തിനുമുമ്പ് ദൈവകല്പനയനുസരിച്ച് ഇസ്രായേലിനെക്കൊണ്ട് സത്യം ചെയ്യിക്കുന്നുണ്ട്. ആദ്യത്തെ സത്യം ഇതാണ്. കര്‍ത്താവു കഠിനമായി വെറുക്കുന്നതും ശില്പിയുടെ കരവേലയുമായ കൊത്തുരൂപമോ  വാര്‍പ്പുരൂപമോ ഉണ്ടാക്കി രഹസ്യമായി പ്രതിഷ്ഠിക്കുന്നവന് ശാപം. ജനങ്ങളെല്ലാം ഉത്തരമായി ആമേന്‍ എന്നു പറയണം. (ആവര്‍ത്തനം 27: 15). മാത്രമല്ല, ആവര്‍ത്തനഗ്രന്ഥത്തില്‍ പത്തു കല്പനകള്‍ ദൈവം മോശെയ്ക്കു  നല്‍കുന്നതിനു തൊട്ടുമുമ്പ് നാലാമദ്ധ്യായത്തില്‍ കൊടുത്തിരിക്കുന്ന  ദൈവകല്പന നോക്കുക. നീ സന്താനങ്ങളും സന്താനങ്ങളുടെ സന്താനങ്ങളുമായി ഈ ദേശത്ത് വളരെക്കാലം വസിക്കുമ്പോള്‍ എന്തിന്റെയെങ്കിലും ആക്യതിയില്‍ കൊത്തുരൂപം ഉണ്ടാക്കി നിന്റെ ദൈവമായ കര്‍ത്താവിന്റെ മുന്നില്‍ തിന്മയായതു പ്രവര്‍ത്തിച്ച് അവന്റെ കോപം ജ്വലിക്കത്തക്കവണ്ണം ദൂഷിതരായാല്‍ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കെതിരെ സാക്ഷി നിറുത്തി ഞാന്‍ പറയുന്നു. നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് കൈവശമാക്കാന്‍ പോകുന്ന ദേശത്തുനിന്ന് വളരെവേഗം നിശ്ശേഷം നശിക്കും. (ആവര്‍ത്തനം 4: 25-27).

ഇങ്ങനെ ദൈവമായ  കര്‍ത്താവ് കഠിനമായി വെറുക്കുന്നത് എന്ന് വിവരിക്കുന്ന വിഗ്രഹനിര്‍മാണത്തെക്കുറിച്ചുള്ള കല്പന നമ്മുടെ കുഞ്ഞുങ്ങള്‍ വേദപാഠക്ലാസ്സില്‍ പഠിക്കാതിരിക്കുന്നത് ശരിയാണോ? പഠിപ്പിക്കാതിരിക്കുന്നതു തെറ്റല്ലേ? അന്യന്റെ ഭാര്യയ്ക്ക് മാന്യത കൊടുക്കാന്‍ വേണ്ടി ഈ കല്പന പത്തു കല്പനയില്‍നിന്നു മാറ്റി നിര്‍ത്തി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് ശരിയോ?

പ്രൊഫ ഉലകംതറ പറയുന്ന മറ്റൊരു കാര്യം ഇവിടെ സൂചിപ്പിക്കട്ടെ. ”ഈ സംശയത്തിനു താങ്കള്‍ നിഷ്പ്രയാസം മറുപടി പറയുമെന്ന് എനിക്കറിയാം. താങ്കളുടെ കയ്യില്‍ പലതരം യുക്തിയുണ്ടല്ലോ?” ഭാഷാനിപുണനായ പ്രൊഫ ഉലകംതറ പലതരം യുക്തികള്‍ എന്ന പദങ്ങള്‍കൊണ്ട് ഉദ്ദേശിക്കുന്ന അര്‍ഥവ്യാപ്തിയുടെ അതിര്‍ത്തി ഏതാണ് എന്ന് പൂര്‍ണമായി മനസ്സിലാക്കിക്കൊണ്ടു പറയട്ടെ: ഞാന്‍ എഴുതുന്ന വസ്തുതകളെ വിചിന്തനം ചെയ്ത് വിലയിരുത്തേണ്ടവര്‍ വായനക്കാരാണ്. ഞാന്‍ എഴുതുന്നതെല്ലാം യുക്തിസഹമല്ലെങ്കിലും വെട്ടിവിഴുങ്ങുന്നവരാണ് ഓശാനയിലെ വായനക്കാര്‍ എന്ന തെറ്റിദ്ധാരണ എനിക്കില്ല.

കേരളത്തിലെ ക്രൈസ്തവജനത യുക്തിസഹമായി പ്രതികരിക്കാന്‍ കഴിയുന്നവരാണ് എന്ന വിശ്വാസത്തോടെയാണ് ഞാന്‍ എന്റെ വാദഗതികള്‍ നിരത്തുന്നത്. എന്റെ വാദഗതികളില്‍ യുക്തിവൈരുദ്ധ്യങ്ങളുണ്ടെങ്കില്‍ അതു കണ്ടു പിടിക്കാനുള്ള കഴിവും വായനക്കാര്‍ക്കുണ്ട്.

പ്രൊഫ. ഉലകംതറയുടെ പരാമര്‍ശിത കത്തില്‍ ഇങ്ങനെ കാണുന്നു: ”വേദപ്രമാണസംരക്ഷണമൊന്നും ഞാന്‍ ഏറ്റെടുത്തിട്ടില്ല.”

ഓരോ ക്രിസ്ത്യാനിയും ഈ കടമ ഏറ്റെടുക്കണമെന്നുള്ളതാണ് എന്റെ വാദം. വേദപ്രമാണങ്ങളില്‍ മായം ചേര്‍ത്താലും വെട്ടിത്തിരുത്തലുകള്‍ ഉണ്ടാക്കിയാലും അതിനോടു പ്രതികരിക്കാന്‍ കഴിവുള്ള ബൗദ്ധികശക്തിയാണ് ഇന്നു സമൂഹത്തിനാവശ്യം. ഒരു വിശ്വാസിയായ എന്റെ സുഹ്യത്ത് ഇങ്ങനെ വേദപ്രമാണങ്ങളുടെ സംരക്ഷണം തീര്‍ത്തും കയ്യൊഴിയുന്നത്  ശരിയല്ലെന്നാണ് എന്റെ അതിവിനീതമായ അഭിപ്രായം.

 

Categories: Article