പത്തു പ്രമാണത്തെപറ്റി I

പത്തു പ്രമാണങ്ങളെക്കുറിച്ച് ഓശാനയില്‍ വന്ന ലേഖനത്തിന്റെ ഉള്ളടക്കത്തെപറ്റി (പത്തു കല്പനകളില്‍ കത്തോലിക്കാസഭയുടെ തിരുത്തലുകളോ?, സെപ്റ്റംബര്‍ 84, പേജ് 10) പ്രൊഫ ഉലകംതറയുടെ വിമര്‍ശനം പരിഗണിച്ച് വേദപുസ്തകനിഷ്ഠമായി സത്യത്തെക്കുറിച്ച് ഒരു തുറന്ന ചര്‍ച്ച  ഉണ്ടാകുന്നത് എന്തുകൊണ്ടും ഉചിതമാണ്. വാദത്തിന്നുവേണ്ടിയുള്ള വാദമല്ല, സത്യം കണ്ടെത്തുന്നതിന് വേണ്ടിയുള്ള തെരച്ചില്‍. കാരണം മാനുഷികമായ കല്പനകളെക്കുറിച്ചുള്ള ചര്‍ച്ചയാണെങ്കില്‍ അതു കേവലം യുക്ത്യാധിഷ്ഠിതമാക്കുന്നതില്‍ തെറ്റില്ല . എന്നാല്‍ ദൈവകല്പനകളെ അങ്ങനെ സമീപിച്ചുകൂടല്ലോ.

സീനായ്മലയില്‍വെച്ച് ദൈവം പത്തു കല്പനകളാണ് കൊടുത്തത് എന്നു വ്യക്തമാണ്. മോശെ കല്പലകകളില്‍ ഉടമ്പടി വാക്യങ്ങള്‍, അതായത് പത്തു കല്പനകള്‍ എഴുതി. (പുറപ്പാട് 34: 28). പിന്നെ ഏതാണ് ഈ പത്തുകല്പനകള്‍ എന്നുള്ളതാണ് പ്രശ്‌നം  ഈ പത്തു കല്പനകള്‍ പുറപ്പാട് 20-ല്‍ 1 മുതല്‍ 17 വരെയുള്ള വാക്യങ്ങളിലും ആവര്‍ത്തനം 5-ാം അധ്യായം 6 മുതല്‍ 21 വരെയുള്ള  വാക്യങ്ങളിലും ഒതുങ്ങി നില്‍ക്കുന്നു എന്നുള്ളത് സര്‍വ്വസമ്മതമാണ്. പത്തു കല്പനയെക്കുറിച്ചുള്ള ഈ രണ്ട് ആഖ്യാനങ്ങളില്‍ സഭാധികാരം പ്രസിദ്ധീകരിച്ച വേദോപദേശസംക്ഷേപത്തില്‍ സൂചിപ്പിക്കുകപോലും ചെയ്യാതെ വിട്ടു പോയ ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭമിയ്ക്കടിയിലെ ജലാശയത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മ്മിക്കരുത്. അവയ്ക്കു മുമ്പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവ് അസഹിഷ്ണുവായ ദൈവമാകുന്നു. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും. എന്നാല്‍ എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. (പുറപ്പാട് 20: 4-6). നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്. മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍ നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍ വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മ മൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്. എന്നാല്‍ എന്നെ സ്‌നേഹിക്കുകയും എന്റെ കല്പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറ വരെ ഞാന്‍ കാരുണ്യം കാണിക്കും. (നിയമാവര്‍ത്തനം 5: 8-10).

അനുസരിക്കുന്നില്ലെങ്കില്‍ ദൈവമായ കര്‍ത്താവ് പ്രതികാരം ചെയ്യും എന്നു എടുത്തു പറഞ്ഞിട്ടുള്ള കല്പന ഇതു മാത്രമാണ്. മൂന്നും നാലും തലമുറ വരെ പ്രതികാരം ചെയ്യുന്നവനാണ് താന്‍ എന്ന് ഈ കല്പനയുടെ അനുബന്ധമായി ദൈവമായ കര്‍ത്താവ് എടുത്തു പറഞ്ഞിട്ടുണ്ട്. മാത്രമല്ല പുറപ്പാട് 20 ന്റെ 23-ാം വാക്യത്തില്‍ വിഗ്രഹങ്ങളെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചു പറയുന്നു. ഞാന്‍ സ്വര്‍ഗത്തില്‍ നിന്ന് നിങ്ങളോട് സംസാരിച്ചത് നിങ്ങള്‍ തന്നെ കണ്ടുവല്ലോ. നിങ്ങള്‍ എനിക്കു പുറമേ വെള്ളികൊണ്ടോ  സ്വര്‍ണം കൊണ്ടോ ദേവന്മാരെ ഉണ്ടാക്കരുത്. വിഗ്രഹങ്ങള്‍ നിര്‍മിക്കരുത് എന്നുള്ള ഈ അനുശാസനത്തിന്നാണ് ഏറ്റവും കൂടുതല്‍ വാക്കുകള്‍ സീനായ് മലമുകളില്‍ ദൈവം വിനിയോഗിച്ചത്.

ദൈവം തന്ന പത്തു പ്രമാണങ്ങളുടെ ഒരു ഭാഗമാണ് ഇത് എന്നുള്ളത് ബൈബിള്‍ നിഷ്പക്ഷം പഠിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമില്ല.

ദൈവത്തെ സംബന്ധിച്ച നാലു പ്രമാണങ്ങളാണ് സീനായില്‍ കൊടുത്തത്. തന്റെ പരിശുദ്ധിയെ എടുത്തുറപ്പിച്ച് പറയുന്നവയാണ് അവ. 1. ഞാനാണ് ദൈവം. 2. മറ്റു ദേവന്മാര്‍ നിനക്കുണ്ടാകരുത്. 3. പ്രാപഞ്ചികമായ രൂപങ്ങളില്‍ തന്റെ അവര്‍ണനീയവും അരൂപവുമായ സത്തയുടെ പ്രതീകങ്ങള്‍ ഉണ്ടാക്കരുത്. 4. തന്റെ പരിശുദ്ധമായ നാമം ബഹുമാനരഹിതമായി ഉപയോഗിക്കരുത്. ഇതില്‍ അതിപ്രധാനമായ കല്പനയാണ് ഒരു വിഗ്രഹവും നിനക്കായി ഉണ്ടാക്കരുത് എന്നത്. കാരണം ദൈവത്തിന്റെ രൂപകല്പന നടത്താനോ ദൈവശക്തിയുടെ വിഭിന്ന ഭാവങ്ങള്‍ പ്രതീകങ്ങളില്‍ ആരോപിക്കാനോ മനുഷ്യന്‍ ശ്രമിച്ചാല്‍ അത് ദൈവത്തിന്റെ പൂര്‍ണതയുടെ നിഷേധമായിത്തീരും. അത് പൂര്‍ണനായ ദൈവത്തില്‍ നിന്ന് അന്യമായ വേറൊരു ദൈവസങ്കല്പത്തിലേക്ക് മനുഷ്യന്‍ വഴുതി വീഴാന്‍  ഇടയാക്കും. അപൂര്‍ണനായ മനുഷ്യന് ദൈവത്തിന്റെ പൂര്‍ണതയെ വിഭാവനം ചെയ്യാന്‍ സാധ്യമല്ലല്ലോ. തന്മൂലം അവന്റെ അപൂര്‍ണമായ ഭാവനകളില്‍ മാത്രമേ ദൈവത്തിന്നു മൂര്‍ത്തരൂപം കൊടുക്കാനാവൂ. യാഹ്‌വേ എന്ന ദൈവനാമം തന്നെ YHVH എന്ന ഹീബ്രു അക്ഷരം കൊണ്ടാണ്‌സൂചിപ്പിക്കുന്നത്. ദൈവം ആരാണ് എന്ന ചോദ്യത്തിന്ന് ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു (പുറ.3.14). എന്നാണ് ദൈവം ഉത്തരം പറയുന്നത്. അതുകൊണ്ട് തന്നെ കുറിക്കാന്‍ പ്രത്യേക മൂര്‍ത്തരൂപങ്ങളൊന്നും പഴയനിയമത്തില്‍ ദൈവം നല്‍കുന്നില്ല.

വിഗ്രഹത്തോടുള്ള എതിര്‍പ്പ്

പഴയനിയമത്തിലുടനീളം ദൈവശക്തിയെയും ദൈവഭാവത്തേയും സ്യഷ്ടരൂപങ്ങളില്‍ ആരോപിച്ച് ദിവ്യത്വത്തിന്റെ ആവരണം കൊടുക്കുന്നതിനെതിരെ വളരെ ശക്തമായ മുന്നറിയിപ്പുകള്‍ നടത്തിയിട്ടുള്ളതായി കാണാം. പത്തു കല്പനകള്‍ ഇസ്രായേല്‍ജനത്തിന്നാണു നല്‍കിയത്. ആ ജനത ഈ കല്പനയെ എങ്ങനെ കണ്ടു എന്നും ധരിച്ചു എന്നും എങ്ങിനെ പ്രാവര്‍ത്തികമാക്കി എന്നുമുള്ളത് പത്തു കല്പനകളുടെ നിജസ്ഥിതിയെക്കുറിച്ചന്വേഷിക്കുന്നതിന് അടിസ്ഥാനമാകണം. ഇന്നും യഹൂദര്‍ വിഗ്രഹനിരപേക്ഷമായാണ് ഈശ്വര ആരാധന നടത്തുന്നത്. യഹൂദമതത്തില്‍ നിന്നും പൊട്ടിപ്പിറന്ന ക്രിസ്തുമതവും വിഗ്രഹനിരപേക്ഷമായ ഏകദൈവത്തിലാണ് വിശ്വസിക്കുന്നത്. പഴയ നിയമത്തിന്റെ സൂക്ഷ്മാര്‍ഥങ്ങളെ മനസ്സിലാക്കിയ യഹൂദര്‍ അവയെക്കുറിച്ച് നല്‍കിയ അര്‍ഥകല്പനയാണല്ലോ നാം സ്വീകരിക്കേണ്ടത്. അങ്ങനെയെങ്കില്‍ വിഗ്രഹാരാധനാനിഷേധിയായ ദൈവകല്പനയെക്കുറിച്ച് ഒരു സൂചനപോലും നല്‍കാതെ വേദോപദേശത്തില്‍ പത്തു കല്പനകളെ വിവരിച്ചത് സമുചിതമായോ എന്ന് ആഴമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

ദൈവം പത്തു കല്പനകളാണ് ഇസ്രായേലിന്നു നല്‍കിയതെന്നു ബൈബിളില്‍ത്തന്നെയുണ്ട്. അപ്പോള്‍ എണ്ണം തികയ്‌ക്കേണ്ടത് ആവശ്യമായി വരുന്നു. തന്നെ സ്പര്‍ശിക്കുന്ന നാലു കല്പനകള്‍ നല്‍കിയശേഷം അന്യരോട് എങ്ങനെ ഒരാള്‍ പെരുമാറണമെന്നുള്ള ആറു കല്പനകളാണ് ദൈവം നല്‍കുന്നത്. വേദപാഠത്തില്‍ ഒന്‍പതും പത്തും കല്പന വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. അന്യന്റെ ഭാര്യയെ മോഹിക്കരുത്.അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്. ഈ ഭാഗങ്ങള്‍ ബൈബിളില്‍ ഇങ്ങനെയാണു കാണുന്നത്. നിന്റെ അയല്‍ക്കാരന്റെ ഭവനം നീ മോഹിക്കരുത്. അയല്‍ക്കാരന്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവന്റെ  മറ്റെന്തെങ്കിലുമോ നീ മോഹിക്കരുത്. (പുറപ്പാട്. 20: 17). ആവര്‍ത്തനഗ്രന്ഥത്തില്‍ ഇങ്ങനെ കാണുന്നു. നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ മോഹിക്കരുത്. അവന്റെ ഭവനമോ വയലോ ദാസനെയോ ദാസിയെയോ കാളയെയോ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്. (നിയമാവര്‍ത്തനം 5: 21). ഇവിടെ തന്റേതല്ലാത്ത ഒന്നിനെയും മോഹിക്കരുത് എന്ന കല്പനയാണ് മനുഷ്യന്ന് ദൈവം നല്‍കുന്നത്. മനുഷ്യന് മോഹവിഷയമാകാന്‍ ഇടയുള്ള പ്രധാനപ്പെട്ടവയുടെ വിവരണമാണ് ഭാര്യയെയോ വീടോ വയലോ ദാസനോ ദാസിയോ കഴുതയോ കാളയോ എന്നുള്ള ആവര്‍ത്തനം. അവസാനം മറ്റെന്തെങ്കിലുമോ എന്ന പൂര്‍ണ നിഷേധപദം കൊണ്ട് കല്പന അവസാനിപ്പിക്കുന്നു. ഇവിടെ ദൈവം നിരോധിക്കുന്നത് അന്യന്റെ വകയായ എന്തെങ്കിലും സജീവമോ ജഡമോ ആയവയോടുള്ള മോഹത്തെയാണ്. മറ്റൊന്നു കൂടി സൂക്ഷിക്കുക. ബൈബിളിലെ വാക്യങ്ങള്‍ക്ക് നമ്പര്‍ നല്‍കിയവര്‍  ഈ നിരോധനങ്ങളെ ഒറ്റ വാക്യനമ്പര്‍ കൊടുത്താണ് നിര്‍ദ്ദേശിക്കുന്നത്.

(തുടരും)

Categories: Article